ഒരു വൃക്ഷത്തെ പരിപാലിക്കാൻ ഇതുവരെ ചെലവാക്കിയത് 64 ലക്ഷം രൂപയോ ? അതെ മദ്ധ്യപ്രദേശിലാണ് ഈ അപൂർവ വൃക്ഷമുള്ളത്. 24മണിക്കൂറും ആയുധമേന്തിയ സുരക്ഷാ ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്ന വൃക്ഷം ശ്രീലങ്കയിൽ നിന്നുമാണ് കൊണ്ടുവന്നത്. ബുദ്ധമത കേന്ദ്രമായ സാഞ്ചി സ്തൂപത്തിന് സമീപം നട്ടുപിടിപ്പിച്ച വൃക്ഷത്തെ ബോധിമരമെന്നാണ് അധികാരികൾ വിശേഷിപ്പിക്കുന്നത്.
2500 വർഷങ്ങൾക്ക് മുമ്പ് മരത്തിന്റെ ചുവട്ടിൽ ധ്യാനിക്കുമ്പോഴാണ് ശ്രീ ബുദ്ധന് ജ്ഞാനോദയം ലഭിക്കുന്നതെന്നാണ് ചരിത്രം. ഇതിനെ തുടർന്ന് ആ വൃക്ഷത്തെ പ്രബുദ്ധതയുടെ വൃക്ഷം എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ബിസി 250ൽ അശോക ചക്രവർത്തി ഈ സ്ഥലം സന്ദർശിച്ച് അവിടെ ക്ഷേത്രം നിർമ്മിച്ചു. പിന്നീട് ഈ മരത്തിൽ നിന്നും ഒരു ശാഖ അശോക ചക്രവർത്തി ശ്രീലങ്കയിലെ രാജാവിന് സമ്മാനമായി നൽകി. അത് അവിടെ വളർന്ന് പന്തലിച്ചു.
2012ൽ അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രജപക്‌സെ ഇന്ത്യയിൽ സന്ദർശനം നടത്തിയപ്പോൾ ശ്രീലങ്കയിൽ നിന്നും വിശിഷ്ട വൃക്ഷത്തിന്റെ ഒരു ശാഖ തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. മദ്ധ്യപ്രദേശിലെ സലാമത്പൂരിനടുത്തുള്ള കുന്നിൻ മുകളിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിദ്ധ്യത്തിൽ വൃക്ഷം നടുകയായിരുന്നു. നാല് ഹോം ഗാർഡുകളാണ് തോക്കേന്തി വൃക്ഷത്തിന് കാവലിനായി നിയോഗിച്ചിട്ടുള്ളത്. എന്നാൽ ഇത്രയേറെ സുരക്ഷ ഒരുക്കിയിട്ടും കീടബാധയേറ്റ് വൃക്ഷത്തിന്റെ ഇലകൾ കരിഞ്ഞ് വീഴുകയാണ്.