ഉപ്പള : മാലിന്യസംസ്കരണത്തിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ മംഗൽപ്പാടി പഞ്ചായത്തിൽ എൻഫോഴ്‌സ്‌മെന്റ് പരിശോധന. 14 കടകളിൽ നടത്തിയ പരിശോധനയിൽ 160 കിലോഗ്രാം നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പാക്കിങ് പാലസ് ഉപ്പള എന്ന സ്ഥാപനത്തിൽനിന്ന് 100 കിലോ പ്ലാസ്റ്റിക് ഗ്ലാസ്, പോളിത്തീൻ സഞ്ചി, പ്ലാസ്റ്റിക് കവർ, പ്ലാസ്റ്റിക് കണ്ടെയ്നർ എന്നിവ പിടിച്ചു. റോഡരികിൽ പ്ലാസ്റ്റിക് കവറിൽ സാധനങ്ങൾ വിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അറിയിച്ചു. ജില്ലാ ശുചിത്വമിഷൻ എൻഫോഴ്‌സ്‌മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പോലീസ്, പഞ്ചായത്ത് ആരോഗ്യവിഭാഗം, ആഭ്യന്തര വിജിലൻസ്, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.