ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച മലയാളികളുടെ എണ്ണം മൂന്നായി; കാസര്‍കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
244

ദോഹ: ഖത്തറില്‍ ബുധനാഴ്ച അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ശനിയാഴ്ച ഒരു മലയാളിയുടെ കൂടി മൃതദേഹം കണ്ടെത്തി. കാസര്‍കോട് പുളിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫിന്റെ (38) മൃതദേഹമാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയത്. ഇതോടെ അപകടത്തിലെ ആകെ മരണസംഖ്യ നാലായി.

അപകടത്തില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹമാണ് ശനിയാഴ്ച തിരിച്ചറിഞ്ഞത്. മലപ്പുറം പൊന്നാനി മാറഞ്ചേരി സൗദേശിയായ നൗഷാദ് മണ്ണറയിലിന്റെയുും കാസര്‍കോട് സ്വദേശി മുഹമ്മദ് അഷ്റഫിന്റെയും മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയും ഖത്തറിലെ അറിയപ്പെടുന്ന കലാകാരനുമായ മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍ (ഫൈസല്‍ കുപ്പായി – 48) ആണ് അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി. വെള്ളിയാഴ്ച രാത്രിയാണ് ഫൈസലിന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചുവരികയായിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പാറപ്പുറവന്‍ അബ്‍ദുസ്സമദിന്റെയും ഖദീജയുടെയും മകനാണ് ഫൈസല്‍. ഭാര്യ – റബീന. മക്കള്‍ – റന, നദ, മുഹമ്മദ് ഫെബിന്‍.

ദോഹ അല്‍ മന്‍സൂറയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നാല് നില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകര്‍ന്നുവീണത്. അന്നു തന്നെ ഒരു മരണം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നടത്തിവരവെയാണ് രണ്ട് മലയാളികളുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴ് പേരെ അപകട സ്ഥലത്തു നിന്ന് ബുധനാഴ്ച തന്നെ പരിക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം രണ്ട് സ‍്ത്രീകളെയും രക്ഷിച്ചു. 12 കുടുംബങ്ങളെ ഇവിടെ നിന്ന് സുരക്ഷിതമായി മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here