മെസ്സിയുടെ ജീവചരിത്രം എഴുതാൻ പറഞ്ഞു; ഞാനെഴുതില്ല, നെയ്മർ ഫാനെന്ന് കുട്ടി; പരീക്ഷാപേപ്പർ വൈറൽ

0
235

മലപ്പുറം: പരീക്ഷയ്ക്ക് മെസ്സിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാവില്ലെന്നും വിദ്യാർത്ഥി. നിലമ്പൂർ തണ്ണിക്കടവ് എ യു പി സ്‌കൂളിലെ  4ാം ക്ലാസ്സിലെ ഷാനിദ് കെ യാണ് താൻ നെയ്മർ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ എഴുതി വെച്ചത്. പരീക്ഷാ പേപ്പർ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാവുകയായിരുന്നു.

രാജേഷ് സി വള്ളിക്കോട് എന്ന അധ്യാപകനാണ് ഫേസ്ബുക്കിൽ കുറിപ്പുകൾ പങ്കുവെച്ചത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള ചോദ്യങ്ങളായിരുന്നു പരീക്ഷയ്ക്ക് നൽകിയത്. നാലാം ക്ലാസുകാരനായ ഷാനിദ് താൻ നെയ്മർ ഫാനാണെന്നും അതിനാൽ മെസ്സിയെക്കുറിച്ച് എഴുതാൻ ആവില്ലെന്നും പരീക്ഷാ പേപ്പറിൽ എഴുതി വെക്കുകയായിരുന്നു. അതേസമയം, ഈ ചോദ്യത്തിന് മറ്റൊരു കുട്ടിയായ ഫാത്തിമ്മയും രസകരമായ മറുപടിയാണ് നൽകിയിട്ടുള്ളത്.

മെസ്സിയുടെ ജീവചരിത്രത്തിന് ഹിന്റുകൾ നൽകിയ ചോദ്യത്തിന് മെസ്സിയെക്കുറിച്ച് കൃത്യമായി എഴുതിയിട്ടുണ്ട്. എന്നാൽ ഉത്തരത്തിന്റെ അവസാന ഭാ​ഗത്ത് താനൊരു നെയ്മർ ഫാനാണെന്നും മെസ്സി പോരെന്നും ഫാത്തിമ്മയും കുറിച്ചിട്ടുണ്ട്. ഇരുവരുടേയും പരീക്ഷാ പേപ്പറുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ഷെയർ ചെയ്തത്. രസകരമായ കമന്റുകളും ഒപ്പമുണ്ട്. അതേസമയം, കുട്ടികളിലെ സങ്കുചിത മനോഭാവമാണ് ഇതിന് പിന്നിലെന്നും ഇത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നും ചിലരും കമന്റ് ചെയ്യുന്നുണ്ട്. എന്തൊക്കെയാണെങ്കിലും രസകരമായ സംഭവമാക്കിയെടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പരീക്ഷാപേപ്പറുകൾ പാറിക്കളിക്കുകയാണെന്ന് പറയാതെ വയ്യ.

ലോകകപ്പ് ആരവങ്ങള്‍ കെട്ടടങ്ങിയിട്ട് അധിക മാസങ്ങളായില്ല. ലോകകപ്പിന് മലപ്പുറമുള്‍പ്പെടെ കേരളത്തില്‍ എല്ലായിടത്തും വലിയ ആവശേമാണ് കണ്ടത്. ആവേശത്തിനെതിരെ ചില സാമുദായിക നേതാക്കന്‍മാരുടെ പരാമര്‍ശം വലിയ ചര്‍ച്ചയായെങ്കിലും മലബാര്‍ മേഖലയിലെ ആവേശത്തെ ഇതൊന്നും ബാധിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here