മദ്യപാനമെന്നത് ആരോഗ്യത്തിന് എത്രമാത്രം ദോഷകരമാകുന്ന ശീലമാണെന്ന് നമുക്കറിയാം. എന്നാല്‍ പലപ്പോഴും മദ്യപാനത്തിന്‍റെ കാര്യം പറയുമ്പോള്‍ മിക്കവരും ആദ്യം സൂചിപ്പിക്കുക കരളിന്‍റെ കാര്യമാണ്. മദ്യപിക്കുന്നത് കൊണ്ട് കരള്‍ പോകുമെന്നും കരള്‍ അപകടത്തിലാകുമെന്നുമാണ് പരക്കെ അറിയപ്പെടുന്ന കാര്യം.
തീര്‍ച്ചയായും ഇത് ശരിയായൊരു വാദം തന്നെയാണ്. മദ്യപിക്കുന്നത് കരളിനെ ക്രമേണ ദോഷകരമായി ബാധിക്കാം. എന്നാല്‍ കരളിന് മറ്റ് പ്രശ്നങ്ങളൊന്നും കാണുന്നില്ല എന്നോര്‍ത്ത് മദ്യപാനം തങ്ങളെ ഇതുവരെ ബാധിച്ചിട്ടില്ല എന്ന് അവകാശപ്പെടുന്നവര്‍ വേണ്ടവിധം അവബോധമില്ലാത്തവരാണെന്നേ നമുക്ക് പറയാൻ സാധിക്കൂ.
കാരണം മദ്യപിക്കുന്നത് കരളിനെ മാത്രമല്ല ബാധിക്കുന്നത്. മറ്റ് പല അവയവങ്ങളെയും ക്രമേണ പല തോതില്‍ ഇത് ബാധിക്കുന്നുണ്ട്. മദ്യപാനികളില്‍ ഏറ്റവുമധികമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നമെന്താണെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? മിക്കവരിലും ഉദരസംബന്ധമായ പ്രശ്നങ്ങളാണ് മദ്യപാനം മൂലം ഏറെയും പിടിപെടുന്നത്.
ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍ എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം മദ്യപാനികളില്‍ പതിവായിരിക്കും. പലപ്പോഴും വിശപ്പില്ലായ്മ ഇവരെ പ്രതികൂലമായി ബാധിക്കും. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ സമൂഹം നമ്മുടെ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുന്നൊരു ഘടകമാണ്. ഈ ബാക്ടീരിയല്‍ സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ ആകെ തകരുന്നതിന് മദ്യപാനം കാരണമാകാം. ഇതോടെ ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല മാനസികപ്രശ്നങ്ങളും പതിവാകാം.
മദ്യപാനികളിലെ അമിത ദേഷ്യം, ഉത്കണ്ഠ, സംശയരോഗം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കെല്ലാം ഇതൊരു പശ്ചാത്തലമാണെന്ന് പറയാം.
ആമാശയം, അന്നനാളം, വായ, വൻകുടല്‍ എന്നിങ്ങനെ ദഹനവ്യവസ്ഥയില്‍ വരുന്ന മിക്ക അവയവങ്ങളെയും മദ്യപാനം ഏറിയും കുറഞ്ഞും ബാധിക്കാം. ഇതിന് പുറമെയാണ് കരള്‍, പിത്താശയം എന്നിങ്ങനെയുള്ള അവയവങ്ങളെ ബാധിക്കുന്നത്. ചര്‍മ്മം (സ്കിൻ), മുടി, പല്ല് എന്നിങ്ങനെയുള്ള ഭാഗങ്ങളെയും മദ്യപാനം ബാധിക്കാം. എന്തായാലും ഏറ്റവും ആദ്യം, ഏറ്റവും പ്രത്യക്ഷമായി മദ്യപാനം ബാധിക്കുന്നത് വയറിനെ തന്നെയാണെന്ന് നിസംശയം പറയാം. വയറ് ബാധിക്കപ്പെടുന്നതോടെ ഒരു വ്യക്തിയുടെ ആകെ ജീവിതം തന്നെ മാറിമറിയുകയാണ്. ക്രമേണ ആമാശയത്തിലെ അര്‍ബുദത്തിനുള്ള സാധ്യതയെല്ലാം മദ്യപാനം വലിയ രീതിയില്‍ വര്‍ധിപ്പിക്കുന്നുണ്ട്.
ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ പതിവായ മദ്യപാനം, അമിതമായ മദ്യപാനം എന്നീ ശീലങ്ങള്‍ തീര്‍ത്തും ഒഴിവാക്കുന്നതാണ് ഉചിതം. ഇടയ്ക്ക് അല്‍പം മദ്യം കഴിക്കുന്നത് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയില്ല. അതിനാല്‍ ഇത്തരത്തില്‍ ഏറ്റവും നിയന്ത്രിതമായി മദ്യപാനം കൊണ്ടുപോകാൻ ശ്രമിക്കണം. കഴിയുന്നതും ഇത് ഉപേക്ഷിക്കാനാണ് മനസിനെ തയ്യാറെടുപ്പിക്കേണ്ടത്.