ദില്ലി: മോദി പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവായ രാഹുൽഗാന്ധി ശിക്ഷിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിന്റെ പഴയ ട്വീറ്റും വൈറലാവുന്നു. രാഹുലിന്റെ പരാമർശത്തോട് സമാനമായ പരാമർശം നടത്തിയ ഖുശ്ബുവിന്റെ ട്വീറ്റാണ് കോൺഗ്രസ് നേതാക്കളുൾപ്പെടെ പങ്കുവെച്ചിട്ടുള്ളത്. ‘എല്ലാ കള്ളന്മാർക്കും എങ്ങനെ പൊതുവായ മോദി എന്ന പേരു വന്നു’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. 2019ലെ ഈ പരാമർശത്തിന്റെ പേരിലാണ് രാഹുലിന് സൂറത്ത് കോടതി ശിക്ഷ വിധിച്ചത്.
2018ൽ ഖുശ്ബു കോൺഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമർശനമാണ് ഇപ്പോൾ പുറത്തുവരുന്നത്. എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ ട്വീറ്റ്. നിരവധി പേരാണ് ഖുശ്ബുവിന്റെ പോസ്റ്റ് ഷെയർ ചെയ്യുന്നത്. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബുവിനെതിരെ ഇതിന്റെ പേരിൽ കേസെടുക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നുണ്ട്.
കോടതിവിധിയുടെ പശ്ചാത്തലത്തിൽ രാഹുൽഗാന്ധി എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കപ്പെടുകയായിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. നിരവധി നേതാക്കളാണ് രാഹുലിന് പിന്തുണ അർപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക. വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെന്ന് വ്യക്തമാക്കുന്ന കമ്മീഷൻ ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും വ്യക്തമാക്കുന്നു.
അതിനിടെ, വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ രാഹുൽഗാന്ധി ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും. അന്യായമായി അയോഗ്യനാക്കിയെന്ന വാദമാകും രാഹുൽ ഉയർത്തുക. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
Yahan #Modi wahan #Modi jahan dekho #Modi..lekin yeh kya?? Har #Modi ke aage #bhrashtachaar surname laga hua hai..toh baat ko no samjho..#Modi mutlab #bhrashtachaar..let's change the meaning of #Modi to corruption..suits better..#Nirav #Lalit #Namo = corruption..👌👌😊😊
— KhushbuSundar (@khushsundar) February 15, 2018