റമദാന്‍ വ്രതാരംഭത്തിന്റെ തലേദിവസം മക്ക, മദീന ഹറമുകളിൽ തറാവീഹ് നമസ്കാരത്തിന് അണിനിരന്നത് ലക്ഷങ്ങൾ

0
193

റിയാദ്: പുണ്യമാസമായ റമദാനിലെ വ്രതാനുഷ്ഠാനത്തിന് വ്യാഴാഴ്ച ആരംഭം കുറിച്ചതിന്റെ തലേ ദിവസം രാത്രി തറാവീഹ് നമസ്കാരത്തിനായി മക്ക, മദീന ഹറമുകളില്‍ ഭക്തലക്ഷങ്ങൾ അണിനിരന്നു. സൗദി അറേബ്യയിലെ മുഴുവൻ പള്ളികളിലും തറാവീഹ് നമസ്കരത്തിന് ആയിരങ്ങൾ എത്തി. ഭക്തിസാന്ദ്രമായ അന്തരീക്ഷമാണെവിടെയും. ഇനി മുപ്പത് നാളുകളും ഇരവുപകൽ വ്യത്യാസമില്ലാതെ ആത്മീയതയിൽ വിലയം പ്രാപിക്കും.

സർശക്തനായ ദൈവത്തിന് മുമ്പിൽ ആരാധനക്കായി ആത്മസമർപ്പണം നടത്തുമ്പോൾ അതിന് ശല്യമാകാതിരിക്കാനും ഏകാഗ്രത നഷ്ടമാകാതിരിക്കാനും നിങ്ങളുടെ മൊബൈൽ ഫോണുകളെ തൽക്കാലം അകറ്റിവെക്കൂ എന്ന് തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകിയ ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത മക്ക മസ്ജിദുൽ ഹറാം ഇമാം ഡോ. ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് പറഞ്ഞു. പ്രാർത്ഥനക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുക്കാനും ശ്രമിക്കരുത്. അത് ആരാധനകളിൽനിന്ന് ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം ഉപദേശിച്ചു.

മദീനയിലെ പ്രവാചക പള്ളിയിൽ നടന്ന തറാവീഹ് നമസ്കാരത്തിന് ഇമാം ശൈഖ് ഹുസൈൻ അൽ ശൈഖ് നേതൃത്വം നൽകി. ഇനി റമദാൻ മാസം മുഴുവൻ എല്ലാ ദിവസവും രാത്രി ഇശാഅ് നമസ്കാരത്തിന് ശേഷം തറാവീഹ് നമസ്കാരവും തുടരും, പ്രാർത്ഥനകളും.

LEAVE A REPLY

Please enter your comment!
Please enter your name here