വിമാനത്താവളത്തിൽ വന്നിറങ്ങിയ വിദേശി, ആർക്കും സംശയം തോന്നാതെ പുറത്തേക്ക്; ബാഗ് പരിശോധനയിൽ ഞെട്ടി, അറസ്റ്റ്

0
244

മുംബൈ: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന്‍റെയും ലഹരിക്കടത്തിന്‍റെയും നിരവധി വാർത്തകളാണ് രാജ്യത്ത് ദിവസവും പുറത്തുവരുന്നത്. എന്നാൽ ഇന്ന് മുംബൈയിൽ നടന്ന പരിശോധന ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ വിദേശിയുടെ ബാഗ് പരിശോധനയിൽ പിടിച്ചെടുത്തത് 70 കോടി വിലമതിക്കുന്ന ലഹരിമരുന്നായിരുന്നു. മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ എത്യോപ്യൻ സ്വദേശി ആർക്കും ഒരു സംശയവും തോന്നാത്ത വിധത്തിൽ പുറത്തേക്ക് കടക്കുകയായിരുന്നു. എന്നാൽ നേരത്തെ ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡി ആർ ഐ നടത്തിയ പരിശോധനയിൽ 70 കോടിയുടെ ലഹരി മരുന്ന് പിടികൂടുകയായിരുന്നു.

70 കോടി രൂപ വിലവരുന്ന ഹെറോയിനുമായി എത്യോപ്യൻ സ്വദേശിയാണ് മുംബൈയിൽ പിടിയിലായത്. ഇതിന് പിന്നാലെ ഇയാളിൽ നിന്ന് ലഹരി മരുന്ന് കൈപറ്റാൻ എത്തിയ നൈജീരിയക്കാരനും മുംബൈയിലെ ഹോട്ടലിൽ വച്ച് അറസ്റ്റിലായി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡി ആര്‍ ഐ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.

ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്യോപ്യയില്‍ നിന്നുമെത്തിയ യുവാവിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയിൽ 9.97 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നൈജീരിയന്‍ സ്വദേശിക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് മനസിലായത്. തുടര്‍ന്ന് മുംബൈയിലെ ഒരു ഹോട്ടലില്‍ നിന്നാണ് നൈജീരിയന്‍ സ്വദേശിയെയും ഡി ആര്‍ ഐ സംഘം പിടികൂടിയത്. നൈജീരയന്‍ പൌരന്‍ താമസിച്ചിരുന്ന വീട്ടിലും ഡി ആര്‍ ഐ സംഘം പരിശോധന നടത്തി. ഇവിടെ നിന്നും കൊക്കെയ്നും ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്ന് സംഘത്തിലെ കണ്ണികളെ കണ്ടെത്താന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here