നമ്മുടെ ഓർമ്മകളെ തൊട്ടുണർത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വലിയ പങ്കുവഹിക്കുന്നുണ്ട്. പലപ്പോഴും വിസ്മൃതിയിലേക്ക് ആണ്ടുപോയ പല കാര്യങ്ങളും വീണ്ടും വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നന്ദി പറഞ്ഞേ മതിയാകൂ. ഇങ്ങനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ചികഞ്ഞെടുക്കുന്നവയിൽ പലപ്പോഴും നമ്മുടെ പ്രിയപ്പെട്ട ദിവസങ്ങളും സംഭവങ്ങളും ആളുകളും ചിത്രങ്ങളും വീഡിയോകളും ഒക്കെ ഉണ്ടാകും. നിനച്ചിരിക്കാത്ത സമയങ്ങളിൽ ആ ഓർമ്മകൾ വീണ്ടും തേടിയെത്തുന്നത് സുഖമുള്ള ഒരു അനുഭൂതി തന്നെയാണ്.
അത്തരത്തിൽ ഏറെ സ്വീകരിക്കപ്പെട്ട ഒരു ചിത്രം ഇപ്പോഴിതാ 21 വർഷങ്ങൾക്കിപ്പുറം സോഷ്യൽ മീഡിയയിലൂടെ വീണ്ടും തരംഗം ആവുകയാണ്. നമുക്ക് സാമാന്യ ബുദ്ധിയിൽ ചിന്തിക്കാൻ പോലും ആകാത്ത ഒരു കാര്യമായിരുന്നു ആ ചിത്രത്തിൽ ഉണ്ടായിരുന്നത്. ഒരു പശു ഒരു പുള്ളിപ്പുലിയുടെ കുട്ടിയെ തന്നോട് ചേർത്തു കിടത്തി തഴുകി തലോടുന്ന ചിത്രം ആയിരുന്നു അത്. പശുവിന്റെ അരികിൽ യാതൊരുവിധ പ്രകോപനങ്ങൾക്കും മുതിരാതെ സൗമ്യനായി കിടക്കുകയാണ് പുള്ളിപ്പുലി. 21 വർഷങ്ങൾക്കു മുൻപ് ആദ്യമായി ഈ ചിത്രം മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ ആളുകൾ ഏറെ അമ്പരപ്പോടെയായിരുന്നു ഈ ചിത്രത്തെ സ്വീകരിച്ചത്.
ഗുജറാത്തിലെ വഡോദര ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള കാഴ്ചയായിരുന്നു ഇത്. ആദ്യമൊക്കെ പശുവിന് അരികിലേക്ക് പുള്ളിപ്പുലി വരുമ്പോൾ ഗ്രാമവാസികൾ ഭയപ്പെടുമായിരുന്നു. എന്നാൽ പശു ആകട്ടെ അല്പം പോലും ഭയം പ്രകടിപ്പിച്ചില്ല. മാത്രമല്ല പുള്ളിപ്പുലി ഒരിക്കൽ പോലും പശുവിനെയോ മറ്റാരെയെങ്കിലും ആക്രമിക്കാൻ മുതിർന്നതുമില്ല. അത് ശാന്തനായി പശുവിന് അരികിൽ വന്നു നിന്നു. പശു അതിനെ തഴുകുകയും തലോടുകയും ചെയ്തു. പിന്നീട് അതൊരു പതിവാക്കുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ആണ് ഈ ചിത്രവും പുള്ളിപ്പുലിയും പശുവും തമ്മിലുള്ള അപൂർവ സൗഹൃദത്തിൻറെ കഥയും ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ ഈ ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.