ന്യൂയോർക്ക്: സുഹൃത്ത് കഴിച്ചു ബാക്കിവച്ച ചിക്കൻ നൂഡിൽസ് കഴിച്ച വിദ്യാർത്ഥിക്ക് ഗുരുതരമായ അസുഖങ്ങൾ ബാധിച്ച് ശരീരാവയവങ്ങൾ മുറിച്ചുമാറ്റി. 19കാരനാണ് പത്തു വിരലുകൾ അടക്കം മുറിച്ചുമാറ്റേണ്ടി വന്നത്. ബോസ്റ്റണിലെ മസാച്യുസെറ്റ്‌സ് ജനറൽ ആശുപത്രിയിലാണ് ചികിത്സ നടന്നത്.
‘ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ’ ആണ് ഈ അപൂർവരോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. തലേദിവസം രാത്രി ഒരു റെസ്റ്റോറന്റിൽനിന്ന് സുഹൃത്ത് വരുത്തിച്ച നൂഡിൽസാണ് 19കാരൻ കഴിച്ചത്. സുഹൃത്ത് കഴിച്ച് ബാക്കിയുണ്ടായിരുന്ന ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഭക്ഷണം കഴിച്ചതിനു പിന്നാലെ വിദ്യാർത്ഥി അസുഖബാധിതനാകുകയായിരുന്നു. ശരീരോഷ്മാവ് ഗുരുതരമായ തോതിൽ ഉയരുകയും മിടിപ്പ് മിനിറ്റിൽ 166 ആകുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച യുവാവിനെ മയക്കിക്കിടത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം വയറുവേദനയും ഛർദിയുമായി പാടേ അവശനായി. തുടർന്നാണ് ഭക്ഷണത്തിലുണ്ടായിരുന്ന അണുക്കൾ ഉമിനീരിലൂടെ ശരീരത്തിലേക്ക് വ്യാപിച്ചതാണെന്ന് ഡോക്ടർമാർ കണ്ടെത്തിയതെന്ന് ജേണൽ റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ വിദ്യാർത്ഥിയുടെ വൃക്കകൾ തകരാറിലാകുകയും രക്തം കട്ടപിടിക്കാൻ തുടങ്ങുകയും ചെയ്തു. മെനിങ്കോകോക്കസ് എന്നും നീസെറിയ മെനിഞ്ചൈറ്റിസ് എന്നു വിളിക്കപ്പെടുന്ന അണുബാധ രക്തത്തിൽ പടർന്നതായി ഡോക്ടർമാർ കണ്ടെത്തി.
ചികിത്സ വിജയമായി യുവാവ് സാധാരണനിലയിലെത്തിയെങ്കിലും മറ്റു രോഗങ്ങളായിരുന്നു പിന്നീട് കണ്ടത്. ആശുപത്രി വിട്ട ശേഷം ഇദ്ദേഹത്തിന്റെ വിരലുകളും കാൽപാദങ്ങളും അഴുകാൻ തുടങ്ങിയെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് പത്തു വിരലുകളും കാൽമുട്ടിനു താഴെയും മുറിച്ചുമാറ്റേണ്ടിവന്നത്.