പെരിന്തൽമണ്ണ- തിരുമാന്ധാംകുന്ന് അമ്പലത്തിൽ ക്ഷേത്രഭാരവാഹികൾ പച്ച പെയിന്റ് അടിച്ചതിൽ പ്രതിഷേധവുമായി കേരളത്തിൽ വർഗീയ പ്രചാരണത്തിൽ മുന്നിൽ നിൽക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറും സംഘവും. തിരുമാന്ധാംകുന്ന് പൂരത്തിനായി ഒരുങ്ങുന്ന ക്ഷേത്രത്തിൻ പച്ച പെയിന്റ് അടിച്ചതാണ് ശശികലയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഇതിന്റെ പേരിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ കൊണ്ടുപിടിച്ച ശ്രമമാണ് ശശികലയും സംഘവും നടത്തിയത്. ഒടുവിൽ ക്ഷേത്രം ഭാരവാഹികൾ തന്നെ പെയിന്റ് മാറ്റി അടി്ചചു.
ക്ഷേത്രോത്സവത്തിന്റെ മുഖ്യരക്ഷാധികാരി അബ്ദുസമദ് സമദാനിയും ചെയർമാൻ മഞ്ഞളാംകുഴി അലിയുമായിരുന്നു. ഇതും ചൂണ്ടിക്കാട്ടിയായിരുന്നു ശശികലയുടെ പ്രചാരണം. പെയിന്റ് മാറ്റണം എന്നാവശ്യപ്പെട്ട് ശശികലയുടെ നേതൃത്വത്തിൽ ഹിന്ദു ഐക്യവേദി നേതാക്കൾ ക്ഷേത്രം ഭാരവാഹികൾക്ക് നോട്ടീസ് നൽകി. പെയിന്റ് മാറ്റിയില്ലെങ്കിൽ പരസ്യമായി പെയിന്റ് മാറ്റിയടിക്കുമെന്നും ശശികല മുന്നറിയിപ്പ് നൽകിയിരുന്നു.
ഇപ്പോൾ ഹിന്ദു ഐക്യവേദി നേതാക്കൾ തിരുമാന്ധാംകുന് അമ്പലത്തിലുണ്ട് നിവേദനം നൽകുന്നു. പെയിന്റ് മാറ്റുമെന്നു തന്നെ പ്രതീക്ഷിക്കുന്നു അല്ലെങ്കിൽ പച്ചപ്പകൽ ഞങ്ങൾ പരസ്യമായി പെയിന്റ് മാറ്റിയടിക്കും. എനിക്ക് പെയിന്റിംഗ് അറിയില്ല എന്നാലും ഞാനുണ്ടാകും മുന്നിൽ. കാരണം തിരുമാന്ധാം കുന്നിലമ്മ എന്റെ അച്ഛന്റെ കുടുംബത്തിന്റെ … അതുകൊണ്ടു തന്നെ എന്റേയും ധർമ്മ ദൈവമാണ് എന്നായിരുന്നു ഇന്നലെ ശശികലയുടെ പ്രതികരണം. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ തന്നെ പെയിന്റ് മാറ്റി അടിച്ചു. നിലവിൽ മഞ്ഞ പെയിന്റാണ് അടിച്ചത്.
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തെ പുരാതന ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം. പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷം വള്ളുവനാടിന്റെ ദേശീയോത്സവമായാണ് കണക്കാക്കുന്നത്. മീനമാസത്തിലെ മകയിരം നക്ഷത്രത്തിലാണ് പൂരാഘോഷങ്ങൾ തുടങ്ങുന്നത്. ആദ്യത്തെ ആറാട്ടെഴുന്നള്ളിപ്പ് പൂരം പുറപ്പാട് എന്ന പേരിലാണ് അറിയപ്പെടുന്നത്.