ധാക്ക: ബംഗ്ലാദേശിനായി ഏകദിനത്തിൽ അതിവേഗ സെഞ്ച്വറി കരസ്ഥമാക്കി വിക്കറ്റ്കീപ്പർ ബാറ്റർ മുഷ്ഫിഖുർ റഹീം. അയർലാൻഡിനെതിരായ രണ്ടാം ഏകദിനത്തിലാണ് മുഷ്ഫിഖുർ റഹീമിന്റെ സെഞ്ച്വറി. 60 പന്തിൽ നിന്നാണ് താരം സെഞ്ച്വറി തികച്ചത് നേരത്തെ 63 പന്തിൽ സെഞ്ച്വറി തികച്ച ഷാക്കിബുൽ ഹസന്റെ പേരിലായിരുന്നു ബംഗ്ലാദേശിന്റെ അതിവേഗ ഏകദിന സെഞ്ച്വറി.
ഇന്നത്തെ സെഞ്ച്വറിയോടെ ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേടുന്ന രണ്ടാമനാകാനും മുഷ്ഫിഖുർ റഹീമിനായി. 14 സെഞ്ച്വറികൾ ഉള്ള തമീം ഇഖ്ബാൽ ആണ് ഒന്നാമൻ. ഒമ്പത് സെഞ്ച്വറികളാണ് രണ്ടാം സ്ഥാനത്തുള്ള ഷാക്കിബ് അൽഹസനും മുഷ്ഫിഖുർ റഹീമിനുമുള്ളത്. അയർലാൻഡിനെതിരായ മത്സരത്തിൽ അവസാന ഓവറിൽ ഒമ്പത് റൺസ് അടിച്ചെടുത്താണ് മുഷ്ഫിഖുർ റഹീം സെഞ്ച്വറി തികച്ചത്. അവസാന ഓവറിലെ നാല് പന്തുകൾ താരത്തിന് കിട്ടി. നേരിട്ട മൂന്നാം പന്തിൽ രണ്ട് റൺസ് ഓടി എടുത്തു.
നാലാം പന്തിൽ ബൗണ്ടറി കണ്ടെത്തിയതോടെ സെഞ്ച്വറിക്കരികിലെത്തി. തൊട്ടടുത്ത പന്തിലും രണ്ട് റൺസ് ഓടിയെടുത്തു. അവസാന പന്തിൽ ഒരു റൺസായിരുന്നു വേണ്ടത്. ഫുൾടോസ് പന്തിനെ അടിച്ചകറ്റാൻ നിൽക്കാതെ സെഞ്ച്വറിക്ക് വേണ്ട ഒരു റൺസ് താരം കണ്ടെത്തുകയായിരുന്നു. മത്സരത്തിൽ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് ബംഗ്ലാദേശ് നേടിയത്. മുഷ്ഫിഖുർ റഹീമിന് പുറകെ ലിറ്റൺദാസ്(70) നജ്മുൽ ഹുസൈൻ ഷാന്റോ(73)തൗഹിദ് ഹ്രിദോയ്(49) എന്നിവരും തിളങ്ങി. ഏകദിനത്തില്‍ ബംഗ്ലാദേശ് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
Highest team total for Bangladesh in ODIs
Scorecard- https://t.co/p9GwBHjbDq#BANvIRE pic.twitter.com/j5NvQmAR9t
— bdcrictime.com (@BDCricTime) March 20, 2023
അയർലാൻഡിനെതിരായ ആദ്യമത്സരത്തിൽ നേടിയ 338 ആയിരുന്നു ഇതിന് മുമ്പത്തെ ഉയർന്ന സ്‌കോർ. രണ്ടാം ഏകദിനത്തിൽ തന്നെ ആ സ്‌കോർ മറികടക്കാൻ ബംഗ്ലാദേശിനായി. ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിനായിരുന്നു വിജയം.