കൂട്ടത്തില്‍ നില്‍ക്കുമ്പോഴും ഈ കൊതുക് എന്താ എന്നെ മാത്രം കടിക്കുന്നതെന്ന ചോദ്യം കേള്‍ക്കാത്തവരുണ്ടാവില്ല. ഇഷ്ടമുള്ളവരെ തിരഞ്ഞ് പിടിച്ച് കൊതുക് കുത്തുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ജോണ്‍സ് ഹോപ്കിന്‍സ് മെഡിസിന്‍ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. മനുഷ്യരില്‍ നിന്നും വരുന്ന പ്രത്യേകതരം മണങ്ങളാണ് കൊതുകിനെ ആകര്‍ഷിക്കുന്നതെന്നാണ് കണ്ടെത്തല്‍.
‘കൊതുക് ഇഷ്ടപ്പെടുന്ന മണങ്ങളെ തിരിച്ചറിയുകയെന്നതാണ് നിര്‍ണായകം. അങ്ങനെ ചെയ്താല്‍ കൊതുകു കടിയില്‍ നിന്നും അതുവഴി സംഭവിക്കുന്ന അസുഖങ്ങളില്‍ നിന്നും രക്ഷപ്പെടാനാകും’ – ജോണ്‍സ് ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ന്യൂറോസയന്‍സ് പിഎച്ച്ഡി അസോസിയേറ്റ് പ്രഫസറായ ക്രിസ്റ്റഫര്‍ പോട്ടര്‍ പറയുന്നു.
മനുഷ്യര്‍ക്ക് എല്ലാക്കാലത്തും ഭീഷണിയായിട്ടുണ്ട് കൊതുകും കൊതുകു പരത്തുന്ന രോഗങ്ങളും. മലേറിയ, ഡെങ്കി പനി, വെസ്റ്റ് നൈല്‍ വൈറസ് എന്നിങ്ങനെ കൊതുകു പരത്തുന്ന രോഗങ്ങള്‍ ഓരോ വര്‍ഷവും 70 കോടി മനുഷ്യരെ ബാധിക്കുന്നുവെന്നാണ് കണക്ക്. പ്രതിവര്‍ഷം ഇത്തരം രോഗങ്ങള്‍ ബാധിച്ച 7.50 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്യുന്നുണ്ട്. പുതിയ പഠനം കൊതുകു കടിയില്‍ നിന്നും കൂടുതല്‍ പേരെ അകറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മണവും രുചിയും അടക്കം പല സംവേദന രീതികളും കൊതുകുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും മണം തന്നെയാണ് കൂട്ടത്തില്‍ മുന്നിലുള്ളതെന്നാണ് പഠനം പറയുന്നത്. അയോണോട്രോപിക് റിസെപ്റ്ററുകള്‍ ഉപയോഗിച്ചാണ് കൊതുകുകള്‍ ഏത് ഭാഗത്ത് കുത്തണമെന്നും ചോരകുടിക്കണമെന്നും തിരഞ്ഞെടുക്കുന്നത്. ക്രിസ്റ്റഫര്‍ പോട്ടറിനൊപ്പം ഗവേഷകരായ ജോഷ്വ രാജി, ജൊവാന കൊനോപ്ക എന്നിവരും പഠനത്തിന്റെ ഭാഗമായിരുന്നു.
തലയുടെ ഭാഗത്തു നിന്നും പരമാവധി അകലത്തിലുള്ള കൊതുക് കുത്താന്‍ ഉപയോഗിക്കുന്ന ആന്റിനയിലാണ് കൂടുതല്‍ അയണോട്രോപിക് റിസപ്റ്ററുകളുള്ളത്. അതുപോലെ തലയോട് ചേര്‍ന്നാണ് കൂടുതല്‍ അയണോട്രോപിക് റിസപ്റ്ററുകള്‍ കൊതുകിനുള്ളത്. കൊതുകിന്റെ ആന്റിന നേരത്തെ കരുതിയതിലും സങ്കീര്‍ണമാണെന്ന സൂചനയും പഠനം നല്‍കുന്നുണ്ട്. കൊതുകിനെ ആകര്‍ഷിക്കുന്ന മണം പോലെ കൊതുകിനെ അകറ്റുന്ന മണങ്ങള്‍ കൂടി തിരിച്ചറിയാനായാല്‍ വലിയൊരു വിഭാഗം മനുഷ്യരെ കൊതുകു കടിയില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. സെല്‍ റിപ്പോര്‍ട്‌സിലാണ് പഠനം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.