വേനലില്‍ തണുപ്പ് കിട്ടാനും ഒപ്പം സ്കിൻ ഭംഗിയാക്കാനും തണ്ണിമത്തൻ ഇങ്ങനെ തയ്യാറാക്കി കഴിക്കൂ…

0
267

വേനലില്‍ കൊടിയ ചൂടില്‍ ഏറ്റവുമധികം പേര്‍ കഴിക്കാനിഷ്ടപ്പെടുന്നൊരു പഴമാണ് തണ്ണിമത്തൻ. വേനലാകുമ്പോള്‍ തണ്ണിമത്തന്‍റെ വരവും കച്ചവടവും കുത്തനെ ഉയരാറുമുണ്ട്.

തണ്ണിമത്തനില്‍ 90 ശതമാനവും വെള്ളം തന്നെയാണ് അടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ചൂടുള്ള അന്തരീക്ഷത്തില്‍ ശരീരത്തില്‍ ജലാംശം കുറഞ്ഞ് നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) സംഭവിക്കാതിരിക്കാനും, ശരീരത്തെ തണുപ്പിച്ച് നിര്‍ത്താനുമെല്ലാം ഇത് സഹായിക്കുന്നു.

എന്ന് മാത്രമല്ല, കലോറി വളരെ കുറവേ അടങ്ങിയിട്ടുള്ളൂ എന്നതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ഏറെ യോജിച്ചൊരു പഴമാണിത്. തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന ‘അര്‍ജനൈൻ’ എന്ന അമിനോ ആസിഡ് ശരീരത്തിലെ കൊഴുപ്പെരിച്ച് കളയാനും സഹായിക്കുന്നതാണ്.

പലര്‍ക്കും അറിയാത്ത മറ്റൊരു ഗുണം കൂടി തണ്ണിമത്തനുണ്ട്. എന്തെന്നാല്‍ അത് ചര്‍മ്മത്തിന് ഏറെ ഗുണകരമായി പ്രവര്‍ത്തിക്കുന്നൊരു പഴമാണ്. തണ്ണിമത്തനിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-എ, വൈറ്റമിൻ-സി എന്നീ ഘടകങ്ങളാണ് ചര്‍മ്മത്തിനും അതുപോലെ തന്നെ മുടിക്കും പ്രയോജനപ്രദമായി വരുന്നത്. മുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന ‘കൊളാജെൻ’ എന്ന പ്രോട്ടീനിന്‍റെ ഉത്പാദനത്തിന് വൈറ്റമിൻ-സി വേണം. ഇതും വളരെ പ്രധാനമാണ്.

തണ്ണിമത്തൻ വെറുതെ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ചിലര്‍ക്ക് ഇത് ജ്യൂസോ, ഷെയ്ക്കോ എല്ലാം ആക്കി കഴിക്കുന്നതിനായിരിക്കും താല്‍പര്യം. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് തയ്യാറാക്കി കഴിക്കാവുന്നൊരു ‘സ്പെഷ്യല്‍- ഹെല്‍ത്തി’ തണ്ണിമത്തൻ ഷെയ്ക്കിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

തണ്ണിമത്തൻ തൊലി ഒഴിവാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. ഇനിയിതിലേക്ക് കരിക്കിൻ വെള്ളം അല്‍പം പുതിനയില, ബ്ലാക്ക് സാള്‍ട്ട് എന്നിവ കൂടി ചേര്‍ത്ത് അരച്ചെടുക്കാം. കഴിക്കാൻ നേരം ഐസും ചേര്‍ക്കാം.  പഞ്ചസാരയോ പാലോ എല്ലാം ചേര്‍ത്ത് തയ്യാറാക്കുന്ന ഷെയ്ക്ക് ആയിരിക്കും അധികപേര്‍ക്കും കഴിക്കാനിഷ്ടം. എന്നാലിത് ആരോഗ്യത്തിന് ഗുണകരമാകുന്നൊരു റെസിപിയാണ്. ഇതും ഈ വേനലില്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here