ടിക്ടോക്കിനും ഇന്‍സ്റ്റഗ്രാം റീല്‍സിനും യൂട്യൂബ് ഷോര്‍ട്ട്‌സിനുമെല്ലാം ഇഷ്ടം പോലെ കാഴ്ചക്കാരെ ലഭിക്കുന്നത് കൊണ്ട് എന്റര്‍ടൈന്‍മെന്റിനായി പുതിയ പുതിയ സംഭവങ്ങള്‍ പരീക്ഷിക്കാന്‍ വ്‌ളോഗേഴ്‌സ് തമ്മില്‍ മത്സരമാണ്. ഇപ്പോള്‍ പലയിടത്തായി പ്രത്യക്ഷപ്പെടുന്ന ഒരു വൈറല്‍ പരീക്ഷണം പക്ഷേ അല്‍പം കടുംകൈയാകുകയാണ്. തണുത്തുറഞ്ഞ ഐസ് കട്ടകള്‍ വെട്ടിത്തിളയ്ക്കുന്ന എണ്ണയിലിട്ട് പൊരിച്ചെടുക്കാന്‍ ശ്രമിക്കുന്ന അപകടകരമായ ഒരു ട്രെന്‍ഡ് ഇപ്പോള്‍ നടക്കുന്നുണ്ട്. എന്തുകൊണ്ട് ഈ പരീക്ഷണം വീട്ടില്‍ ചെയ്യരുതെന്ന് പരിശോധിക്കാം.
വിഡിയോയിലുള്ളത്?
വെട്ടിത്തിളയ്ക്കുന്ന എണ്ണയിലേക്ക് ഐസ് കട്ടകള്‍ ഇട്ട് ഉടന്‍ തന്നെ തിളച്ച എണ്ണ ചിതറിത്തെറിക്കുകയും തീ ആളിക്കത്തുകയും പാത്രങ്ങള്‍ പൊട്ടിച്ചിതറുകയും ചെയ്യുന്ന വിഡിയോകളാണ് വൈറലാകുന്നത്.
പരീക്ഷണത്തിന് പിന്നിലെ രസതന്ത്രം?
എല്ലാവര്‍ക്കും അറിയുന്നത് പോലെ 0 ഡിഗ്രിയിലുള്ള ഐസും 150 ഡിഗ്രിയില്‍ ഉള്ള തിളച്ച എണ്ണയും തമ്മില്‍ 150 ഡിഗ്രിയുടെ താപനില വ്യത്യാസമുണ്ട്. പദാര്‍ത്ഥങ്ങള്‍ ഒരു അവസ്ഥയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ തന്മാത്രകള്‍ക്ക് ചലനമുണ്ടാകുന്നു. വളരെ ഉയര്‍ന്ന താപനില തന്മാത്രകള്‍ വളരെ വേഗത്തില്‍ ചലിക്കുന്നതിന് കാരണമാകുന്നു. അങ്ങനെ ഈ പദാര്‍ത്ഥങ്ങള്‍ വളരെ എളുപ്പത്തില്‍ ചിതറിത്തെറിക്കുന്നു.
ഐസ് പൊരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഐസ് അല്‍പം മുകളിലും തിളച്ച എണ്ണ താഴെയും ഐസ് ഉരുകിയ വെള്ളം ഏറ്റവും താഴെയും വരുന്ന നിലയുണ്ടാകുന്നു. ഈ അവസ്ഥയില്‍ വലിയ അളവില്‍ ആവി ഉയരുമ്പോള്‍ അതില്‍ എണ്ണയുടെ അംശങ്ങളും പറ്റിച്ചേരുന്നു. ആവിയുടേയും എണ്ണയുടേയും അംശങ്ങള്‍ പെട്ടെന്ന് ഉയരുമ്പോള്‍ അവയ്ക്ക് തീപിടിക്കാന്‍ സാധ്യത കൂടുതലാകുന്നു. വലിയ ശബ്ദത്തോടെ പുറത്തേക്ക് തെറിക്കുന്ന ഈ അംശങ്ങള്‍ വളരെ എളുപ്പത്തില്‍ തീപിടുത്തമുണ്ടാക്കാം. ഇത് അടുക്കളയിലാകെ തീപടരുന്നതിനും വലിയ അപകടങ്ങള്‍ ഉണ്ടാകാനും കാരണമാകും.