ലിസ്ബൺ: ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകർക്ക് സന്തോഷവാർത്ത. സൂപ്പർ താരം ദേശീയ ടീമിൽ തുടരുമെന്ന് പുതിയ റിപ്പോർട്ട്. ഉടൻ നടക്കാനിരിക്കുന്ന 2024 യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളിൽ ക്രിസ്റ്റ്യാനോയും കളിക്കുമെന്ന് പോർച്ചുഗീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് സ്‌പോർട്‌സ് മാധ്യമമായ ‘ദ അത്‌ലെറ്റിക്’ റിപ്പോർട്ട് ചെയ്തു.
ലിക്‌സെൻസ്‌റ്റൈനിനും ഐസ്‌ലൻഡിനും എതിരായ മത്സരങ്ങൾക്കുള്ള ടീമിൽ ക്രിസ്റ്റ്യാനോയെയും ഉൾപ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ റോബർട്ടോ മാർട്ടിനെസ് താരവുമായി വിഷയം ചർച്ച ചെയ്തു കഴിഞ്ഞിട്ടുണ്ട്.
2022 ഫിഫ ലോകകപ്പിൽ പോർച്ചുഗൽ മൊറോക്കോയോട് തോറ്റു പുറത്തായതിനു പിന്നാലെ ക്രിസ്റ്റ്യാനോയുടെ രാജ്യാന്തര കരിയർ തുലാസിലായിരുന്നു. ടൂർണമെന്റിൽ മുൻ പരിശീലകൻ ഫെർനാൻഡോ സാന്റോസ് താരത്തെ പുറത്തിരുത്തുകയും കളിയുടെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി ഇറക്കിയതുമെല്ലാം താരത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പ് സ്വപ്‌നങ്ങളും അടഞ്ഞതോടെ താരത്തിന്റെ കരിയർ അവസാനിച്ചെന്ന തരത്തിൽ വാർത്തകൾ വന്നത്.
പുരുഷ ഫുട്‌ബോളിൽ ലോകത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് കുവൈത്തിന്‌റെ ബദർ അൽമുവത്തയുമായി പങ്കിടുകയാണ് നിലവിൽ ക്രിസ്റ്റ്യാനോ. ലിക്‌സെൻസ്‌റ്റൈനിന് എതിരായ പോർച്ചുഗലിന്റെ മത്സരദിവസം കുവൈത്ത് ടീം ഫിലിപ്പൈൻസിനെതിരെയും കളിക്കുന്നുണ്ട്. അതേസമയം, ടീമിൽ ഇടംലഭിച്ചാൽ 20 വർഷത്തെ അന്താരാഷ്ട്ര കരിയറിൽ ക്രിസ്റ്റ്യാനോ കളിക്കുന്ന അഞ്ചാമത്തെ പരിശീലകനാകും മാർട്ടിനെസ്.
അതേസമയം, ടീമിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ക്രിസ്റ്റ്യാനോയ്ക്ക് ഇടം ലഭിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. പ്രത്യേകിച്ചും, ബെൻഫിക്ക താരം ഗോൺസാലോ റാമോസ് അടക്കമുള്ള താരങ്ങൾ മികച്ച ഫോമിൽ തുടരുമ്പോൾ. ദേശീയ ടീമിനു വേണ്ടി കളിക്കാനെത്തുംമുൻപ് നിലവിലെ ക്ലബായ അൽനസ്റിനു വേണ്ടി ഒരു മത്സരംകൂടി ക്രിസ്റ്റ്യാനോ കളിക്കും. സൗദി പ്രോ ലീഗിൽ ശനിയാഴ്ച അബഹയ്‌ക്കെതിരെയാണ് മത്സരം.