ദോഹ: വിരമിക്കല്‍ പിന്‍വലിച്ച് ഐപിഎല്ലില്‍ വീണ്ടും കളിക്കാനിറങ്ങുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപില്ലില്‍ നിന്നും വിരമിച്ച് ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യ മഹാരാജാസിനായി കളിക്കുകയാണിപ്പോള്‍ റെയ്ന. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐപിഎല്ലില്‍ വീണ്ടും കളിക്കുന്നത് കാണാനാകുമോ എന്ന ചോദ്യത്തിന് വീണ്ടും വീണ്ടും തിരിച്ചുവരാന്‍ താന്‍ ഷാഹിദ് അഫ്രീദിയല്ലല്ലോ എന്ന് റെയ്ന പ്രതികരിച്ചു.
ലെജന്‍ഡ്സ് ലീഗിലെ പ്രകടനം കണ്ട് താങ്കള്‍ ഐപിഎല്ലിലേക്ക് തിരിച്ചുവരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത് എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആശ്ചര്യപ്പെട്ട റെയ്ന ഞാന്‍ സുരേഷ് റെയ്നയാണ്, ഷാഹിദ് അഫ്രീദിയല്ല, വിരമിക്കല്‍ പ്രഖ്യാപിച്ചതാണെന്ന് മറുപടി നല്‍കിയത്.
Suresh Raina with a hilarious comment there. Loved it, and I'm sure Shahid Afridi would love it too 😂❤️ #LegendsLeagueCricket pic.twitter.com/ZnVUMBXkCq
— Farid Khan (@_FaridKhan) March 15, 2023
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷം അഫ്രീദി നിരവധി തവണ വിരമിക്കല്‍ പിന്‍വലിച്ച് പാക്കിസ്ഥാനുവേണ്ടി കളിക്കാനിറങ്ങിയതിനെ പരാമര്‍ശിച്ചാണ് റെയ്നയുടെ കമന്‍റ്. എം എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ദിവസം തന്നെ 33 കാരനായിരുന്ന റെയ്നയും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. ധോണിയുടെ അടുത്ത സുഹൃത്തുകൂടിയായ റെയ്നയുടെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരുന്നു.
പിന്നീട് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളി തുടര്‍ന്നങ്കിലും 2020ലെ ഐപിഎല്‍ കൊവിഡിനെത്തുടര്‍ന്ന് ദുബായില്‍ നടത്തിയപ്പോള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ കളിക്കാനാകില്ലെന്ന നിലപാടെടുത്തത് ചെന്നൈ സൂപ്പര്‍ കിംഗ്സ് മാനേജ്മെന്‍റുമായി അകല്‍ച്ചക്ക് കാരണമായി. അടുത്ത സീസണില്‍ ലേലത്തില്‍ പങ്കെടുത്തെങ്കിലും മിസ്റ്റര്‍ ഐപിഎല്‍ എന്നറിയപ്പെട്ടിരുന്ന റെയ്നയെ ആരും ലേലത്തില്‍ എടുത്തില്ല. തുടര്‍ന്നാണ് റെയ്ന ഐപിഎല്ലില്‍ നിന്നും വിരമിച്ചത്.