അരി സൂക്ഷിച്ചുവയ്ക്കുന്ന പാത്രങ്ങളില്‍ ഇവ കൂടി ഇട്ടുനോക്കൂ; നിങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ‘ടിപ്സ്’…

0
270

ഭക്ഷണസാധനങ്ങള്‍ ഒന്നിച്ച് വാങ്ങിവച്ച് സൂക്ഷിച്ച് ഉപയോഗിക്കുന്നതാണല്ലോ മിക്ക വീടുകളിലെയും രീതി. പച്ചക്കറികള്‍- പഴങ്ങള്‍, മത്സ്യ-മാംസാദികള്‍, പാല്‍ ഇങ്ങനെയുള്ള വിഭവങ്ങള്‍ മാത്രമാണ് ഇടയ്ക്കിടെ വാങ്ങുകയുള്ളൂ. അരി, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, മസാല, എണ്ണ പോലുള്ളവയെല്ലാം വാങ്ങി ദീര്‍ഘനാളത്തേക്ക് സൂക്ഷിക്കുകയാണ് ചെയ്യുക.

ഇത്തരത്തില്‍ വാങ്ങി ദീര്‍ഘനാളത്തേക്ക് സൂക്ഷിക്കുമ്പോള്‍ അവ കേടാകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. ഇങ്ങനെ അരിയില്‍ കേടുണ്ടാകാൻ പലപ്പോഴും കാരണമാകുന്നത് ചെറുപ്രാണികളുടെ ആക്രമണം മൂലമാണ്. ഇതൊഴിവാക്കാൻ ചെയ്യാവുന്ന ചില ‘ടിപ്സ്’ ആണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

അരിയിട്ട് വച്ചിരിക്കുന്ന പാത്രത്തില്‍ കറുവ ഇല അഥവാ ബേ ലീവ്സ് ഇട്ടുവയ്ക്കുന്നത് ചെറുപ്രാണികള്‍ വരുന്നതിനെ തടയും. രണ്ടോ മൂന്നോ ഇലകള്‍ അരിക്കിടയില്‍ ആയി വയ്ക്കുകയാണ് വേണ്ടത്. അരി വയ്ക്കുന്ന പാത്രം നല്ലതുപോലെ മൂടുകയും വേണം.

രണ്ട്…

ബേ ലീവ്സ് പോലെ തന്നെ ആര്യവേപ്പിലയും അരിയിട്ട് വച്ച പാത്രത്തിനകത്ത് വയ്ക്കാവുന്നതാണ്. ഇതിന്‍റെ ഗന്ധവും പ്രാണികളെ അകറ്റിനിര്‍ത്താൻ സഹായിക്കും. അരി കൂടുതല്‍ കാലം കേടാകാതിരിക്കുകയും ചെയ്യും.

മൂന്ന്…

വെളുത്തുള്ളി തൊലി കളഞ്ഞ്, നനവ് പറ്റാതെ ഏതാനും അല്ലികള്‍ അരിയിലിട്ട് വയ്ക്കുന്നത് ചെറുജീവികളെ അകറ്റാൻ സഹായകമാണ്.

നാല്…

ഗ്രാമ്പൂവും ഇതുപോലെ അരിപ്പാത്രത്തില്‍ ഇട്ടുവച്ചുനോക്കൂ. ഒരുപിടി ഗ്രാമ്പൂ അരിക്കിടയില്‍ വിതറുകയാണ് വേണ്ടത്. ഇതിന്‍റെയും ഗന്ധമാണ് പ്രാണികളെ അകറ്റിനിര്‍ത്തുക.

അഞ്ച്…

അരി പെട്ടെന്ന് കേടാകാതിരിക്കാൻ ഒന്നിച്ച് സൂക്ഷിക്കാതിരിക്കുകയും ചെയ്യാം. കുറച്ച് ദിവസത്തേക്കുള്ളത് ചെറിയൊരു പാത്രത്തില്‍ വച്ച് ബാക്കിയുള്ളവ ഭദ്രമായി അടച്ച് സൂക്ഷിക്കണം. തീരുന്നതിന് അനുസരിച്ച് ചെറിയ പാത്രത്തിലേക്ക് അരി മാറ്റാം.

അഥവാ അരിയില്‍ ചെറുപ്രാണികളെ കൊണ്ടുള്ള ശല്യം കണ്ടാല്‍, അരി നല്ല വെയിലില്‍ അല്‍പനേരം പരത്തിയിട്ട് എടുത്താല്‍ മതി. അരിയില്‍ നനവ് വീഴാതെയും സൂക്ഷിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here