പെണ്ണ് എലിയില്ലാതെ രണ്ട് ജീവശാസ്ത്രപരമായ പിതാക്കളില്‍ നിന്ന് ഒരു എലിയെ വിജയകരമായി സൃഷ്ടിച്ച് ശാസ്ത്രലോകം. ആണ്‍കോശങ്ങളില്‍ നിന്ന് തന്നെ അണ്ഡങ്ങള്‍ വികസിപ്പിച്ചുകൊണ്ടാണ് രണ്ട് പിതാക്കന്മാരില്‍ നിന്ന് പുതിയ തലമുറയെ സൃഷ്ടിച്ചെടുത്തത്. എലികളില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഈ പരീക്ഷണം ഭാവിയില്‍ വന്ധ്യതാ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നും മനുഷ്യന്റെ ലിംഗ സാധ്യതകള്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്നുമാണ് വിലയിരുത്തല്‍.
ജപ്പാനിലെ ക്യുഷു സര്‍വകലാശാലയില്‍ കാട്‌സുഹികോ ഹയാഷി എന്നയാളുടെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണമാണ് ഫലം കണ്ടത്. മനുഷ്യന്റെ ജീന്‍ എഡിറ്റിംഗ് സംബന്ധിച്ച മൂന്നാമത് അന്താരാഷ്ട്ര ഉച്ചകോടിയിലാണ് ഇദ്ദേഹം തന്റെ ആശയം ആദ്യമായി അവതരിപ്പിച്ചത്. പത്ത് വര്‍ഷത്തിനുള്ളില്‍ പുരുഷ കോശങ്ങളില്‍ നിന്ന് അണ്ഡം ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. പിന്നീട് നടത്തിയ പരീക്ഷണങ്ങളാണ് ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്.
ജനറ്റിക് എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് മുന്‍പ് തന്നെ ശാസ്ത്രലോകം രണ്ട് പിതാക്കന്മാരില്‍ നിന്ന് എലിയെ സൃഷ്ടിച്ചിരുന്നുവെങ്കിലും പുരുഷ കോശങ്ങളില്‍ നിന്ന് അണ്ഡത്തെ സൃഷ്ടിച്ചെടുക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. മനുഷ്യരില്‍ പരീക്ഷണം നടത്താനും പുരുഷ കോശങ്ങളില്‍ നിന്നും അണ്ഡത്തെ വികസിപ്പിക്കാനുമാണ് അടുത്ത പടിയായി ഹയാഷിയുടെ സംഘം പദ്ധതി ഇട്ടിരിക്കുന്നത്.