അബൂദബി (www.mediavisionnews.in):ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബൂദബിയെ തെരഞ്ഞെടുത്തു. ന്യൂമ്പിയോ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച സുരക്ഷിത നഗര സൂചികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്.
അബൂദബി മുൻനിരയിൽ ഇടം പിടിച്ചപ്പോൾ ദുബൈ 11ാം സ്ഥാനം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് അബൂദബി ഇൗ അംഗീകാരം നേടുന്നത്. മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങൾക്ക് പുറമെ ജീവിതച്ചെലവ്, മലിനീകരണം, യാത്രാചെലവ്, ജീവിതനിലവാരം തുടങ്ങിയ കാര്യങ്ങളും സൂചികയിൽ പരിഗണിച്ചു.
ദോഹ, ഒസാക, സിംഗപ്പൂർ, ബേസൽ, ക്യുബെക് സിറ്റി, ടോക്യോ, ബേൺ, മ്യൂണിച്ച്, ഇർവിൻ സി.എ എന്നിവയാണ് അബൂദബിക്ക് പിന്നിൽ യഥാക്രമം സുരക്ഷിതത്വം രേഖപ്പെടുത്തിയ ഒമ്പത് നഗരങ്ങൾ. ഇന്ത്യൻ നഗരങ്ങളായ മംഗലുരുവിന് മുപ്പതാം സ്ഥാനമുണ്ട്. കൊച്ചിക്ക് 86ാം സ്ഥാനം ലഭിച്ചു. ഹോണ്ടുറാസിലെ സാൻ പെഡ്രോ സുലയാണ് പട്ടികയിൽ ഏറ്റവും പിറകിൽ. ജൊഹാനസ്ബർഗ്, ഡർബൻ, ഫോർട്ടലേസ, കറാകസ് എന്നിവയാണ് ഏറ്റവും അവസാന അഞ്ചിലുള്ള മറ്റു രാജ്യങ്ങൾ.