ന്യൂഡൽഹി: ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയും തലയിൽ മുട്ടയുടച്ചും ബലമയി നിറങ്ങൾ തേച്ചും ദ്രോഹിച്ച് യുവാക്കൾ. രാജ്യ തലസ്ഥാനത്തെ പഹർഗഞ്ചിലാണ് സംഭവം. പെൺകുട്ടിയെ യുവാക്കൾ ദ്രോഹിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയകളിൽ വൻ രോഷത്തിന് കാരണമായിട്ടുണ്ട്.
സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു കൂട്ടം യുവാക്കൾ പെൺകുട്ടിയെ പിടിച്ചുനിർത്തി മുഖത്തടക്കം ബലമായി നിറങ്ങൾ തേക്കുന്നതും സ്പ്രേ ചെയ്യുന്നതും തലയിൽ മുട്ടകൾ അടിച്ചുടയ്ക്കുന്നതും വീഡിയോയിൽ കാണാം.
പെൺകുട്ടിയുടെ മുഖത്തും കഴുത്തിലും നെറ്റിയിലുമാണ് നിറങ്ങൾ തേക്കുന്നത്. അവൾ കുതറിമാറാൻ ശ്രമിക്കുമ്പോൾ മറ്റൊരാൾ തലയിൽ മുട്ടയുടയ്ക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം കടന്നുപിടിച്ചാണ് യുവാക്കളുടെ ഉപദ്രവം.
ഇതിനിടെ അവരിൽ നിന്ന് ഒരു വിധത്തിൽ തടിയൂരുന്ന പെൺകുട്ടിയുടെ മുഖത്ത് മറ്റൊരു യുവാവ് ഓടിവന്ന് വീണ്ടും നിറം തേച്ചു. ഇതോടെ പെൺകുട്ടി അയാളുടെ മുഖത്ത് അടിച്ച ശേഷം പെട്ടെന്ന് ഒരു ഇടവഴിയിലേക്ക് കയറി അതുവഴി രക്ഷപെടുകയായിരുന്നു. സംഭവം കണ്ട് ചുറ്റും നിരവധി യുവതീ-യുവാക്കൾ ഉണ്ടായിട്ടും ആരും യുവാക്കളെ തടയാനോ പെൺകുട്ടിയെ രക്ഷപെടുത്താനോ തയാറാവുന്നില്ല.