നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കര്‍ണാടകയില്‍ ബി.ജെ.പിക്കു വീണ്ടും തിരിച്ചടി. മൂന്നു മുന്‍ എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ചാമരാജ് ജില്ലയില കൊല്ലഗല്‍ എം.എല്‍.എയായിരുന്ന നഞ്ചുണ്ട സ്വാമി,ബെംഗളുരു റൂറല്‍ ജില്ലയിലെ ദൊഡബല്ലാപുരയില്‍ നിന്നുള്ള നരസിംഹ സ്വാമി, വിജയപുര മുന്‍ എം.എല്‍.എ മനോഹരന്‍ ജ്ഞാനപുര എന്നിവരാണു കോണ്‍ഗ്രസിലെത്തിയത്. ബെംഗളുരുവിലെ കെ.പി.സി.സി ആസ്ഥാനത്ത് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൂവരുടെയും പാര്‍ട്ടി പ്രവേശനം.
നേരരത്തെ വൊക്കലിഗ നേതാവും യുവജന–കായിക വകുപ്പ് മന്ത്രിയുമായ കെ.സി.നാരായണ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, ഗൗഡയുടെ വരവിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും അത് തണുപ്പിക്കാനുള്ള ശ്രമത്തിലാണ് പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. ജെ.ഡി.എസിന്റെ കെ.എം.ശിവലിംഗ ഗൗഡ എം.എല്‍.എയ്ക്കും നിലവില്‍ കോണ്‍ഗ്രസ് പ്രേമമുണ്ട്. ആരെ ഉള്‍ക്കൊള്ളണമെന്ന ആശയക്കുഴപ്പത്തിലാണു കോണ്‍ഗ്രസ്. താഴെതട്ടില്‍ പിടിപാടുള്ള ശിവലിംഗയ്ക്കാണു കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യത.