ബെംഗളൂരു ∙ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയില്‍ ബിജെപിക്ക് തിരിച്ചടിയായി കൂടുതൽ കൂടുമാറ്റങ്ങള്‍. വൊക്കലിഗ നേതാവും യുവജന–കായിക വകുപ്പ് മന്ത്രിയുമായ കെ.സി. നാരായണ ഗൗഡ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, ഗൗഡയുടെ വരവിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും അത് തണുപ്പിക്കാനുള്ള ശ്രമത്തിലാണ് പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍.
2019ല്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ദള്‍–കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിക്കാന്‍ ബിജെപി ചാക്കിട്ടുപിടിച്ചവരില്‍ പ്രമുഖനാണു നാരായണ ഡൗഡ. പ്രത്യുപകാരമായി യുവജന–കായിക വകുപ്പ് മന്ത്രിയുമാക്കി. തിരഞ്ഞെടുപ്പ് അടുത്തതോടെ സ്വന്തം തട്ടകമായ മണ്ഡ്യയില്‍ താമര ചിഹ്നത്തില്‍ സീറ്റില്ലെന്നുറപ്പായതോടെയാണ് പുതിയ താവളം തേടുന്നത്. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്നു ഗൗഡ കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞു. ഈ മാസം 12നു ബെംഗളുരു–മൈസൂരു ഗ്രീന്‍ഫീല്‍ഡ് ദേശീപാതയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മണ്ഡ്യയിലെത്തുമ്പോള്‍ ഗൗഡ വേദിയിലെത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.
അതേസമയം ജെഡിഎസിന്റെ കെ.എം. ശിവലിംഗ ഗൗഡ എംഎല്‍എയ്ക്കും നിലവില്‍ കോണ്‍ഗ്രസ് പ്രേമമുണ്ട്. ആരെ ഉള്‍ക്കൊള്ളണമെന്ന ആശയക്കുഴപ്പത്തിലാണു കോണ്‍ഗ്രസ്. താഴെത്തട്ടില്‍ പിടിപാടുള്ള ശിവലിംഗയ്ക്കാണു കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യത. നാരായണ ഗൗഡയെ കൂടെ കൂട്ടാനുള്ള ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കുന്ന മണ്ഡ്യ ഡിസിസി പ്രസിഡന്റിനെ പാര്‍ട്ടി ഓഫിസിനു മുന്നില്‍ ചീമുട്ടയെറിഞ്ഞാണു പ്രവര്‍ത്തകര്‍ വരവേറ്റത്. കാര്‍ കേടുവരുത്തുകയും ചെയ്തു. നാരായണ ഗൗഡയ്ക്കു വേണ്ടി ജില്ലയിലെ സ്്ഥാനാര്‍ഥി നിര്‍ണയം നീട്ടിക്കൊണ്ടുപോകുന്നുവെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.