ജിദ്ദ: റമദാനിൽ നോമ്പുകാർക്കോ മറ്റോ ഇഫ്താർ പദ്ധതികൾക്കായി സാമ്പത്തിക സംഭാവനകൾ ശേഖരിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പള്ളികളിലെ ഇമാമുമാർക്കും മുഅദ്ദിനുകൾക്കുമുള്ള (ബാങ്ക് വിളിക്കുന്നവർ) മുന്നറിയിപ്പിലാണ് ഇക്കാര്യമുള്ളത്. റമദാനെ സ്വീകരിക്കുന്നതിനും വിശ്വാസികൾക്ക് സേവനം നൽകുന്നതിനുമായി പള്ളികൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇസ്ലാമിക കാര്യ, കാൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽഷൈഖ് എല്ലാ മന്ത്രാലയ ശാഖകൾക്കും സർക്കുലർ അയച്ചു.
ഇമാമുകളും മുഅദ്ദിനുകളും അവരുടെ ജോലിയിൽ പൂർണ്ണമായ ക്രമം പാലിക്കണമെന്നും അത്യാവശ്യഘട്ടത്തിലുള്ള ലീവ് എടുക്കൽ അല്ലാതെ മറ്റു മുഴുവൻ സമയവും പള്ളിയിൽ ഉണ്ടാവണമെന്നും ഡോ. അൽഷൈഖ് നിർദേശിച്ചു. ഇമാമുകളുടെയോ മുഅദ്ദിനുകളുടെയോ അസാന്നിധ്യത്തിൽ ആ പ്രദേശത്തെ മന്ത്രാലയ ശാഖയുടെ അംഗീകാരത്തോടെ മറ്റാരെയെങ്കിലും ജോലി നിർവഹിക്കാൻ നിയോഗിക്കണം. എന്നാൽ പള്ളിയിൽ നിശ്ചയിക്കപ്പെട്ട ജോലിക്കാരുടെ അസാന്നിധ്യം അനുവദനീയമായ കാലയളവിൽ കൂടുതൽ കവിയരുത്. ഉമ്മുൽ ഖുറ കലണ്ടർ പാലിക്കാനും റമദാനിൽ കൃത്യസമയത്ത് ഇഷാ പ്രാർത്ഥനയുടെ ബാങ്ക് വിളിക്കാനും ഇമാമുകളോടും മുഅദ്ദിനുകളോടും ഡോ. അൽഷൈഖ് ആവശ്യപ്പെട്ടു.