കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിയൂരിൽ ലഹരി മാഫിയ ക്യാരിയർ ആക്കിയ പെൺകുട്ടിയുടെ അമ്മ. അന്വേഷണം നടക്കുന്ന പോക്സോ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവർ കുറ്റപ്പെടുത്തി. തങ്ങൾ നീതി ലഭിക്കാൻ എവിടെ പോകും? ഡി വൈ എസ് പി ഓഫീസിലേക്ക് വിളിച്ചപ്പോൾ ശാസ്ത്രീയ പരിശോധന ഫലം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ അന്വേഷണം പൂർത്തിയാകൂ എന്നാണ് പറഞ്ഞത്. അതിനിടയിലാണ് പ്രതിയാണെന്നു പറയുന്ന ആളെ നിരപരാധി ആണെന്ന് മുഖ്യമന്ത്രി പറയുന്നത്. ലഹരി മാഫിയക്ക് പിന്നിൽ വൻ കണ്ണികളാണ് ഉള്ളത്. അന്വേഷണം പൂർത്തിയാകും മുമ്പ് മുഖ്യമന്ത്രി ഇങ്ങനെ പറയുന്നത് ശരിയായില്ല. ഇരയായ കുട്ടികൾ മുന്നോട്ട് പരാതിയുമായി വരില്ല. വന്നാൽ ഇതല്ലേ അവസ്ഥ? തങ്ങളുടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും അവർ പറഞ്ഞു. ഇങ്ങനെ ഒരു സംഭവം നടന്നാൽ കുട്ടിയെ സംരക്ഷിക്കുകയല്ലാതെ വിഷയം മുഴുവനായും മൂടിവെക്കുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി യിൽ നിന്നും നീതി കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നും അവർ പറഞ്ഞു.
അഴിയൂർ പഞ്ചായത്ത് അംഗം സലിം അഴിയൂരും, പെൺകുട്ടിയുടെ അമ്മ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. കുട്ടിയെ ലഹരിക്കടിമയാക്കിയ യുവാവിനെയും യുവതിയെയും പറ്റി പെൺകുട്ടിയാണ് പോലീസിനോട് പറഞ്ഞത്. പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോൾ ആ യുവതി സ്റ്റേഷനിൽ വന്നിരുന്നു. സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചാൽ ഈ കാര്യം മനസിലാകും. സമീപത്തെ ഒരു കടയിൽ ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നു പോലീസിനെ അറിയിച്ചിരുന്നു. അത് പരിശോധിക്കാനും പോലീസ് തയ്യാറായില്ല. മനുഷ്യാവകാശ കമ്മീഷൻ പുതിയ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, അത് നടക്കട്ടെ. യുവാവിന്റെ പിതാവ് മുസ്ലിം ലീഗുകാരൻ എന്ന് ദേശാഭിമാനിയും മുഖ്യമന്ത്രിയും പറഞ്ഞതാണ്. യുവാവിന്റെ രാഷ്ട്രീയമെന്താണ് എന്ന് അവർ മറച്ചു വെക്കുന്നുവെന്നും സലിം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന തുടരന്വേഷണത്തെ ബാധിക്കും. ആരാണ് ആഭ്യന്തര വകുപ്പിന്റെ തലവൻ? കോടികൾ ചെലവഴിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തുന്ന സർക്കാരിന്റെ തലവൻ തന്നെ, ഒരു പെൺകുട്ടി അധ്യാപകർക്കും പൊലീസിനും മാതാപിതാക്കൾക്കും മുന്നിൽ നൽകിയ മൊഴിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ അന്വേഷണത്തെ ബാധിക്കും. കേസിൽ കുടുംബം പറഞ്ഞ വസ്തുതകൾ അന്വേഷിക്കാൻ പൊലീസ് തയ്യാറാകണം. ആത്മാർത്ഥമായ രീതിയിലുള്ള അന്വേഷണം കുടുംബത്തെയും ഇരയെയും വിശ്വാസത്തിലെടുത്ത് ചെയ്യണമെന്ന് സലീം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയിലും പൊലീസിലുമായിരുന്നു പ്രതിപക്ഷം. എന്നാൽ മുഖ്യമന്ത്രി തന്നെ ഈ നിലയിൽ പ്രതികരണം നടത്തിയതിനാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.