ഇഎംഐ മുടങ്ങിയാല്‍ ഇനി കാര്‍ അനങ്ങില്ല, അലാറവും നിലയ്‍ക്കില്ല; അമ്പരപ്പിക്കും വിദ്യയുമായി ഈ വണ്ടിക്കമ്പനി!

0
248

നിങ്ങള്‍ പുതുതായി വാങ്ങിയ കാറിന് ലോണുണ്ടെങ്കില്‍ അതിന്‍റെ മാസ തവണ അഥവാ ഇഎംഐ (EMI) മുടങ്ങിയാല്‍ എന്താണ് സംഭവിക്കുക എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? നിങ്ങള്‍ ലോണ്‍ എടുത്ത ബാങ്കില്‍ നിന്ന് വരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കേണ്ടി വരും എന്നത് പലര്‍ക്കും അറിവുള്ള കാര്യമായിരിക്കും. ചില സാഹചര്യങ്ങളില്‍ പിഴ അടക്കേണ്ടിയും വന്നേക്കാം. എന്നാല്‍ ലോണ്‍ അടച്ചില്ലെങ്കില്‍ വാഹനം അനങ്ങാത്ത അവസ്ഥ വരുന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ ഇനി പേടിക്കണം. കാരണം, അങ്ങനൊരു കണ്ടുപിടുത്തത്തിന്‍റെ പാതയിലാണ് ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോര്‍ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോണ്‍ ഗഡു അടയ്ക്കാത്ത സാഹചര്യത്തില്‍ ഒരു കാര്‍ വിദൂരമായി പ്രവര്‍ത്തനരഹിതമാക്കാന്‍ സാധിക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് അപേക്ഷ നല്‍കിയിരിക്കുകയാണ് ഫോര്‍ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വാഹനത്തിന്‍റെ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനോ ഉടമയെ വാഹനത്തിന്റെ പുറത്ത് നിന്ന് ലോക്ക് ചെയ്യുന്നതിനോ ഏസി പോലുള്ള സുപ്രധാന ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിനും മറ്റും ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍.

റീപോസഷന്‍-ലിങ്ക്ഡ് ടെക്‌നോളജി എന്നാണ് ഫോര്‍ഡ് മോട്ടോര്‍ പേറ്റന്റിന് അപേക്ഷിച്ച ഈ സാങ്കേതികവിദ്യയെ വിളിക്കുന്നത്. ഉടമ മാസതവണ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കാറിന്റെ എയര്‍ കണ്ടീഷനിംഗ് ഓഫാക്കാനും അതിന്റെ ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമേറ്റഡ് വിന്‍ഡോസ് ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കാനും റീപോസഷന്‍-ലിങ്ക്ഡ് ടെക്‌നോളജിക്ക് കഴിയും. വേണമെങ്കില്‍ വാഹനത്തിന്റെ എഞ്ചിന്‍ ഓഫാക്കാനോ ആക്സിലറേറ്റര്‍ പ്രവര്‍ത്തനരഹിതമാക്കാനോ പോലും ഈ അത്യാധുനിക സാങ്കേതികവിദ്യ കാര്‍ നിര്‍മ്മാതാവിനെ സഹായിക്കുമെന്നാണ് ഫോര്‍ഡ് അവകാശപ്പെടുന്നത്. അത്തരം ഘടകങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത് ഡ്രൈവര്‍ക്കും വാഹനത്തിലെ യാത്രക്കാര്‍ക്കും കൂടുതല്‍ അസ്വാസ്ഥ്യം സൃഷ്ടിക്കുന്നതിന് കാരണമായേക്കാമെന്ന് പേറ്റന്റ് അപേക്ഷയില്‍ ഫോര്‍ഡ് പറയുന്നു. ഇതോടൊപ്പം കാറുടമക്ക് അരോചകവും ശല്യവുമായി അനുഭവപ്പെടാന്‍ സാധ്യതയുള്ള ‘ബീപ്പ്’ ശബ്ദവും പുറപ്പെടുവിക്കും.

കാര്‍ ഉടമക്ക് വാഹനം ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നതോടെ വാഹനം കെട്ടിവലിച്ച് കൊണ്ട് പോകാന്‍ ആ സ്ഥലത്തേക്ക് എത്താന്‍ തങ്ങളുടെ ഓട്ടോണോമസ് വാഹങ്ങള്‍ക്ക് കമാന്‍ഡ് ചെയ്യാനും ഈ ടെക്‌നോളജിക്ക് സാധിക്കുമെന്നും ഫോര്‍ഡിന്‍റെ രേഖകളില്‍ സൂചിപ്പിക്കുന്നു. അരോചകമായി ബീപ്പ് ശബ്‍ദം ഓഫ് ചെയ്യാൻ കാര്‍ ഉടമകള്‍ക്ക് സാധിക്കില്ല. വായ്പ നല്‍കിയ സ്ഥാപനവുമായി ബന്ധപ്പെട്ട ശേഷം മാത്രമേ അത് പ്രവര്‍ത്തനരഹിതമാക്കാന്‍ സാധിക്കൂ.

 

ഈ ഫീച്ചറുകള്‍ വാഹനങ്ങള്‍ക്ക് വായ്പ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്കും മറ്റും ഉപകാരപ്രദമാകുമ്പോള്‍ ചില വിരുതന്‍മാര്‍ക്ക് ഇത് എട്ടിന്‍റെ പണിയാകും. എന്നാല്‍ നിലവില്‍ ഫോര്‍ഡ് കമ്പനി ഈ ടെക്‌നോളജി ഉപഭോക്താക്കളെ മുന്‍നിര്‍ത്തി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ ഈ സാങ്കേതികവിദ്യ തങ്ങളുടെ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പദ്ധതിയില്ലെന്ന് ഫോര്‍ഡ് വക്താവിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സാധാരണ ബിസിനസ് എന്ന നിലയിലാണ് ഞങ്ങള്‍ പുതിയ കണ്ടുപിടിത്തങ്ങളുടെ പേറ്റന്റുകള്‍ സമര്‍പ്പിക്കുന്നത്. പക്ഷേ അവ പുതിയ ബിസിനസിന്റെയോ പ്രൊഡക്ട് പ്ലാനുകളുടെയോ സൂചനയല്ല എന്നും ഫോര്‍ഡ് പ്രസ്‍താവനയില്‍ വ്യക്തത വരുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ നടന്ന നിരവധി ഫയല്‍ നീക്കങ്ങളുടെ ഭാഗമായാണ് ഈ പേറ്റന്റ് ഫയല്‍ ചെയ്‍തത് എന്നാണ് സൂചന. എന്നാര്‍ ഫോര്‍ഡിന്റെ പുതിയ നീക്കം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ഫോര്‍ഡിന്റെ നീക്കം ചില പ്രശ്‌നങ്ങള്‍ സൃഷ്‍ടിച്ചേക്കുമെന്ന് വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് നാഷണല്‍ കണ്‍സ്യൂമര്‍ ലോ സെന്ററിലെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ രംഗത്തെത്തിയതായും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ഫോര്‍ഡിന്റെ പുതിയ സാങ്കേതികവിദ്യക്ക് പേറ്റന്റ് നല്‍കുമോ എന്ന കാര്യത്തിലും ഇപ്പോഴും ഉറപ്പില്ല. കാരണം ഇത് ദുരുപയോഗം ചെയ്യുമോ എന്ന കാര്യത്തില്‍ നിയമവിദഗ്ദ്ധര്‍ക്കിടയില്‍ തര്‍ക്കം നടക്കുന്നുണ്ട്. വാഹനങ്ങള്‍ ലോണ്‍ നല്‍കുന്ന ചിലര്‍ ഈ സംവിധാനം ദുരുപയോഗം ചെയ്‍താലോ എന്നാണ് നാഷനല്‍ കണ്‍സ്യൂമര്‍ ലോ സെന്റര്‍ ഭയക്കുന്നത് എന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here