ലാഹോർ: ക്രിക്കറ്റില്‍ ബൗണ്ടറിലൈന്‍ സേവുകള്‍ക്കും ക്യാച്ചുകള്‍ക്കും ഒരു പ്രത്യേക ചന്തം തന്നെയുണ്ട്. സഞ്ജു സാംസണ്‍, ഡേവിഡ് വാർണർ, ഗ്ലെന്‍ മാക്സ്‍വെല്‍, ഡേവിഡ് മില്ലർ, കെ എല്‍ രാഹുല്‍ തുടങ്ങി ബൗണ്ടറിലൈന്‍ സേവുകളുമായി ഞെട്ടിച്ച താരങ്ങള്‍ അനവധി. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ നമ്മള്‍ ഇത്തരത്തിലുള്ള അനേകം ബൗണ്ടറിലൈന്‍ സേവുകളും ക്യാച്ചുകളും നിരവധി കണ്ടിട്ടുണ്ട്. ഇപ്പോള്‍ പാകിസ്ഥാന്‍ സൂപ്പർ ലീഗിലും ഇത്തരമൊരു സേവ് പിറന്നതിന്‍റെ അമ്പരപ്പിലാണ് ആരാധകർ.
ഇങ്ങനെയൊരു കാഴ്ച നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? രസകരമായ വീഡിയോ…
പാകിസ്ഥാന് സൂപ്പർ ലീഗില്‍ ലാഹോർ ക്വലാണ്ടേഴ്‍സും ക്വേട്ട ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തില്‍ സിംബാബ്‍വെ താരം സിക്കന്ദർ റാസയുടെ വകയായിരുന്നു ഈ വിസ്മയ സേവ്. ക്വലാണ്ടേഴ്‍സ് സ്പിന്നർ റാഷിദ് ഖാന്‍റെ പന്തില്‍ ഡീപ് മിഡ് വിക്കറ്റിലൂടെ സിക്സർ പറത്താനായിരുന്നു ഗ്ലാഡിയേറ്ററിന്‍റെ വില്ലിന്‍റെ ശ്രമം. എന്നാല്‍ ബൗണ്ടറിലൈനില്‍ ഉയർന്നുചാടിയ റാസ ഈ പന്ത് സിക്സാകാതെ കാത്തു. പന്ത് അവിശ്വസനീയമായി ലൈനിന് ഉള്ളിലേക്ക് തട്ടിയിടുകയായിരുന്നു റാസ.
SUPERMAN @SRazaB24 🦸♂️
Unreal effort from the man of the hour 👏👏#HBLPSL8 | #SabSitarayHumaray | #LQvQG pic.twitter.com/hRDZS2RNH8
— PakistanSuperLeague (@thePSLt20) March 2, 2023
മത്സരത്തില്‍ സിക്കന്ദർ റാസ ഫീല്‍ഡിംഗിന് പുറമെ ബാറ്റിംഗിലും താരമായപ്പോള്‍ ലാഹോർ ക്വലാണ്ടേഴ്സ് 17 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ലാഹോർ ടീം 34 പന്തില്‍ 8 ഫോറും 3 സിക്സും സഹിതം പുറത്താവാതെ 71 റണ്‍സെടുത്ത റാസയുടെ വിസ്മയ പ്രകടനത്തിനിടയിലും 19.2 ഓവറില്‍ 148 റണ്‍സില്‍ പുറത്തായി. റാഷിദ് ഖാനും(21) ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദിയും(16) അബ്ദുള്ള ഷഫീഖും(15) മാത്രമാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ക്വാട്ട ഗ്ലാഡിയേറ്റേഴ്സിന്‍റെ പോരാട്ടം 20 ഓവറില്‍ 7 വിക്കറ്റിന് 131 റണ്‍സില്‍ അവസാനിച്ചു. ഹാരിസ് റൗഫ് മൂന്നും റാഷിദ് ഖാന്‍ രണ്ടും ഡേവിഡ് വീസ് ഒന്നും വിക്കറ്റ് നേടി.