ലണ്ടൻ : മുസ്ലീങ്ങളുടെ പുണ്യമാസമായ റമദാനിൽ ഇസ്രയേലിൽ നിന്നും കയറ്റി അയക്കുന്ന ഈന്തപ്പഴം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി പാലസ്തീൻ അനുകൂല സംഘടനയായ ഫ്രണ്ട്സ് ഒഫ് അൽഅഖ്സ. യൂറോപ്പിലെ ഇസ്ലാം മത വിശ്വാസികളോടാണ് സംഘടനയുടെ ആഹ്വാനം. പാലസ്തീനിൽ ഇസ്രയേൽ നടത്തുന്ന റെയിഡുകൾക്കെതിരെയാണ് ബഹിഷ്‌കരണാഹ്വാനം. ഇതിനായി ചെക് ദ ലേബൽ എന്ന ഹാഷ്ടാഗ് പ്രചരണം സംഘടന ആരംഭിച്ചു. ഈന്തപ്പഴം വാങ്ങുമ്പോൾ ഇസ്രയേലിൽ നിന്നുള്ളതല്ലെന്ന് പാക്കേജിംഗിലെ ലേബലുകൾ പരിശോധിക്കാനാണ് നിർദ്ദേശം.
‘ഈ റമദാനിൽ ഇസ്രയേലി ഈന്തപ്പഴം വാങ്ങേണ്ടെന്ന് തീരുമാനിക്കുന്നതിലൂടെ മുസ്ലീം സമൂഹത്തിന് പാലസ്തീനിലെ ഇസ്രായേലിന്റെ നിയമവിരുദ്ധമായ അധിനിവേശത്തെയും വർണ്ണവിവേചനത്തെയും അപലപിക്കുന്ന വ്യക്തവും ശക്തവുമായ സന്ദേശം അയയ്ക്കാൻ കഴിയും,’ ഫ്രണ്ട്സ് ഓഫ് അൽഅഖ്സ നേതാവ് ഷാമിയുൾ ജോർഡർ പറഞ്ഞു.
പുണ്യമാസമായ റമദാനിൽ വിശ്വാസികൾ ഈന്തപ്പഴം കഴിച്ചാണ് നോമ്പ് മുറിക്കുന്നത്. അതിനാൽ ഈ സമയത്ത് ലോകമെമ്പാടും ഈന്തപ്പഴ ഉപഭോഗത്തിൽ വൻ വർദ്ധനയുണ്ടാവാറുണ്ട്. രുചികരമായ മെഡ്ജൂൾ ഈന്തപ്പഴം ഉദ്പാദിപ്പിക്കുന്നവരിൽ ലോകത്തിൽ ഒന്നാം സ്ഥാനമാണ് ഇസ്രയേലിനുള്ളത്. ഈന്തപ്പഴം ഉത്പാദനത്തിന്റെ അമ്പത് ശതമാനവും ഇസ്രയേൽ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നു. കൂടുതലായും വെസ്റ്റ് ബാങ്കിലാണ് ഇസ്രയേലിന്റെ ഈന്തപ്പഴത്തോട്ടങ്ങളുള്ളത്.