റിച്ചാർലിസണും ദിമിത്രി പായെറ്റും പോലുള്ള ഗ്ലാമർ താരങ്ങൾ മുന്നിൽ നിന്ന ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരപ്പട്ടികയിൽ വെറുതെയൊരു പേരായിരുന്നു ഒറ്റക്കാലുമായി കാൽപന്തു കളിച്ച പോളണ്ടുകാരൻ മാർസിൻ ഒലെക്സിയുടെത്. ക്രച്ചസിൽ സോക്കർ കളിച്ച അംഗപരിമിതരുടെ മത്സരത്തിൽ പിറന്ന ആ ഗോൾ അവസാനം ചുരുക്കപ്പട്ടികയിലെത്തുംവരെ അധികമാരും കണ്ടിരുന്നില്ല. എന്നാൽ, തിങ്കളാഴ്ച രാത്രിയിൽ പാരിസിലെ വേദിയിൽ ഒലെക്സിയുടെ പേര് ഉറക്കെ പ്രഖ്യാപിക്കുമ്പോൾ ലോകം ശരിക്കും കുതൂഹലപ്പെട്ടു.
കഴിഞ്ഞ നവംബർ ആറിന്, ലോകം ഖത്തറിലെ വമ്പൻ പോരാട്ടങ്ങൾക്ക് ക്ഷമയോടെ കാത്തിരുന്ന നാളുകളിലൊന്നായിരുന്നു ഗോളിന്റെ പിറവി. അംഗ പരിമിതരുടെ ഫുട്ബാൾ മത്സരത്തിൽ വാർട്ട പോസ്നാനു വേണ്ടിയായിരുന്നു ഒലെക്സി കണ്ണഞ്ചിക്കുന്ന ഗോൾ കുറിക്കുന്നത്. ഇരുകൈകളിലും പിടിച്ച ഊന്നുവടികളിലൊന്ന് അമർത്തിപ്പിടിച്ച് ഒറ്റക്കാൽ ഉയർത്തി പോസ്റ്റിനു മുന്നിൽ അക്രോബാറ്റിക് ബൈസിക്കിൾ കിക്ക് പായിക്കുമ്പോൾ ഗോളി പോലും അത് പ്രതീക്ഷിച്ചിരുന്നില്ല.
അതുപക്ഷേ, അത്യപൂർവമായി പിറന്ന ഒന്നുമായിരുന്നില്ല. ഇതേ കുറിച്ച് അടുത്തിടെ മാധ്യമ പ്രവർത്തകർ ചോദ്യവുമായി എത്തിയപ്പോൾ അവർക്കു മുന്നിലും സമാന കൃത്യതയോടെ ഒലക്സി ഗോൾ ആവർത്തിച്ചു.