തിരുവനന്തപുരം: അതിരുവിടുന്ന ഡ്രൈവിംഗിന്റെ മറ്റൊരു ഉദാഹരണം പങ്കു വെച്ച് കേരളാ പൊലീസ്. അശ്രദ്ധമായ ഡൈവിംഗ് മൂലം ദിനംപ്രതി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിലാണ് വാഹനത്തിൽ കൂടെ സഞ്ചരിക്കുന്നവരുടെ ജീവൻ അപകടപ്പെടുത്തുന്ന തരത്തിലുള്ള സംഭവത്തിന്റെ ദൃശ്യം കേരള പൊലീസ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചത്.
ബുള്ളറ്റിന്റെ ടാങ്കിൽ കുട്ടിയെ കിടത്തി റോഡിലൂടെ സഞ്ചരിക്കുന്ന വീഡിയോയാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മതിയായ സുരക്ഷയില്ലാതെ കുട്ടിയെ ബൈക്കിന്റെ ടാങ്കിൽ കിടത്തി വാഹനമോടിച്ചത് സ്നേഹമല്ല അപകടകരമായ കുറ്റമാണ് എന്ന മുന്നറിയിപ്പോടയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മതിയായ സുരക്ഷാ മാനദണ്ഡമില്ലാതെ കുട്ടികളെ കാറുകളിലും ഇരുചക്ര വാഹനങ്ങളിലും കൊണ്ട് പോകുന്ന പല സംഭവങ്ങളും റിപ്പോർട്ട് ചെയ്ത് വരുന്നുണ്ട്. പ്രായ പൂർത്തിയായവർക്ക് സഞ്ചരിക്കാനായി നിർമിച്ചിട്ടുള്ള വാഹനങ്ങളിൽ കുട്ടികളെ ഇരുത്തി യാത്ര ചെയ്യുമ്പോൾ അവർക്കായി പ്രത്യേകം സുരക്ഷാ സൗകര്യങ്ങൾ ഉൾപ്പെടുത്തേണ്ടി വരും. ഇവ ഒഴിവാക്കിയാണ് പലരും യാത്ര ചെയ്യാറുള്ളത്. കൂടാതെ സുരക്ഷ പാലിക്കാതെ വാഹനമോടിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിനിടയിലാണ് കേരള പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തത്.