മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ മേയ് 20ന് ഹാജരാവണം

0
191

കാസർകോട് ∙ മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായി ജില്ലാ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതി സ്വീകരിച്ചു. മേയ് 20 നു കോടതിയിൽ ഹാജരാകാൻ പ്രതികൾക്കു സമൻസ് അയച്ചു. ഡിവൈഎസ്പി എ.സതീഷ്കുമാർ കോടതിയിൽ സമർപ്പിച്ച ആയിരത്തിലേറെ പേജുള്ള കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനു വേണ്ടിയുള്ള കോടതിയിലെ ആദ്യ സിറ്റിങ് ആയിരിക്കും ഇത്.

യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികൾ. നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശൻ നൽകിയ പരാതിയിലാണ് കേസ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ ശേഷം 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും കോഴ നൽകി നാമ നിർദേശ പത്രിക പിൻവലിപ്പിച്ചു എന്നാണ് കേസ്.

പട്ടികജാതി–പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയൽ, തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, അന്യായമായി തടങ്കലി‍ൽ വയ്ക്കൽ, തിരഞ്ഞെടുപ്പിൽ കൈക്കൂലി നൽകൽ എന്നിങ്ങനെ ജാമ്യമില്ല വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും ഉൾപ്പെടെ ഇരുനൂറോളം പേരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു. നൂറിലേറെ സാക്ഷികളാണുള്ളത്. സിസിടിവി ദൃശ്യങ്ങൾ അടക്കം ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിലുണ്ട്. .

കൈക്കൂലിയായി നൽകിയ 2.5 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപ സുന്ദരയുടെ സുഹൃത്തായ ഉദയകുമാറിന്റെ ഭാര്യയുടെയും മാതാവിന്റെയും പേരിൽ സ്വർഗയിലെ കേരള ഗ്രാമീണ ബാങ്കിൽ സ്ഥിര നിക്ഷേപമാക്കി. 85000 രൂപ ചെലവഴിച്ച് വീടിന്റെ മുന്നിൽ സുന്ദര പന്തലിട്ടു. 15000 ബന്ധുവിനു നൽകി. ബിഎസ്പി സ്ഥാനാർഥിയായി മത്സരിക്കുന്നതിനായി നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ കെട്ടി വെക്കാനായി വിജയകുമാറിൽ നിന്ന് കടമായി വാങ്ങിയ 5000 രൂപ തിരിച്ചു നൽകി.

കാസർകോട്ടെ ഒരു വസ്ത്രാലയത്തിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി. ബാക്കി തുക ചികിത്സയ്ക്കും മറ്റും ചെലവഴിച്ചതായി കുറ്റപത്രത്തിലുണ്ട്. പണത്തിനു പുറമേ കാസർകോട്ടെ ഒരു കടയിൽനിന്ന് 8300 രൂപ വിലവരുന്ന സ്മാർട്ട് ഫോൺ വാങ്ങിച്ചു നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും ലഭിച്ചെന്നുമാണ് സുന്ദര മൊഴി നൽകിയത്. മണികണ്ഠ റൈ, സുരേഷ്, സുനിൽ നായിക് എന്നിവർ സുന്ദരയുടെ വീട്ടിലെത്തി പണം കൈമാറിയെന്നാണ് കുറ്റപത്രത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here