പൂർവ്വ വിദ്യാർഥിയുടെ വൈരാഗ്യം, കൊടുംക്രൂരത; കോളേജിലെത്തി പ്രിൻസിപ്പാളിനെ പ്രെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു

0
338

പൂർവ്വ വിദ്യാർഥിയുടെ കൊടുംക്രൂരതയിൽ കോളേജ് പ്രിൻസിപ്പളിന് ജീവൻ നഷ്ടമായി. പ്രിൻസിപ്പളിനോടുള്ള വൈരാഗ്യത്തിൽ കോളേജിലെത്തിയ പൂർവ്വ വിദ്യാർഥി പെട്രോൾ ഒഴിച്ച് പ്രിൻസിപ്പളിനെ തീകൊളുത്തുകയായിരുന്നു. 80 ശതമാനവും പൊള്ളലേറ്റ കോളേജ് പ്രിൻസിപ്പൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇൻഡോറിലെ ബി എം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ (54) ആണ് കൊല്ലപ്പെട്ടത്. മാർക്ക് ഷീറ്റ് നൽകാത്തതിലുള്ള വൈരാഗ്യത്താലാണ് പ്രിൻസിപ്പളിന്‍റെ കൊലപാതകത്തിന് കാരണമെന്നാണ് പിടിയിലായ പ്രതി അശുതോഷ് ശ്രീവാസ്തവ (24) പൊലീസിനോട് പറഞ്ഞത്.

സംഭവം ഇങ്ങനെ

ഇക്കഴിഞ്ഞ ദിവസമാണ് കോളേജിൽ കയറി വന്ന അശുതോഷ് പ്രിൻസിപ്പളിനെ പ്രെട്രോളൊഴിച്ച് തീകൊളുത്തിയത്. ചികിത്സയിലിക്കെ ഇന്നാണ് പ്രിൻസിപ്പൾ വിമുക്ത ശര്‍മ മരണത്തിന് കീഴടങ്ങിയത്. മാര്‍ക്ക് ഷീറ്റ് വൈകിയതിന്‍റെ പേരിലാണ് പൂര്‍വ വിദ്യാര്‍ഥിയായ അശുതോഷ് പ്രിൻസിപ്പളിനോട് ക്രൂരത കാട്ടിയത്. ഈ മാസം ഇരുപതാം തിയതിയാണ് അശുതോഷ് കോളേജിലെത്തി ജീവനക്കാരുടെ മുന്നില്‍ വെച്ച് വിമുക്ത വര്‍മ്മയെ പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്. അശുതോഷിനും പൊള്ളലേറ്റിരുന്നു. ഓടിക്കൂടിയ ജീവനക്കാർ വിമുക്ത ശര്‍മയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമായി പൊള്ളലേറ്റിരുന്നു. ആളികത്തിയ തീ അണച്ച ശേഷം ജീവനക്കാർ ഉടൻ തന്നെ പ്രിൻസിപ്പളിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വിമുക്ത നാല് ദിവസത്തെ ചികിത്സയ്ക്കൊടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രിൻസിപ്പളിനെ തീകൊളുത്തുന്നതിനിടെ അശുതോഷിനും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പിടിക്കെട്ട ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ പൊലീസ് കാര്യമായ നിരീക്ഷണം ഏ‌ർപ്പെടുത്തിയിട്ടുണ്ട്. 2022 ൽ ഫലം വന്ന ഏഴ്, എട്ട് സെമസ്റ്ററുകളുടെ മാർക്ക് ലിസ്റ്റ് നൽകാത്തതാണ് ആക്രമണത്തിന്‍റെ കാരണമെന്നാണ് അശുതോഷ് പൊലീസിനോട് പറഞ്ഞത്. പലതവണ ആവശ്യപ്പെട്ടിട്ടും കോളേജിൽ നിന്ന് മാര്‍ക്ക് ലിസ്റ്റ് കിട്ടിയില്ലെന്നും അതുകൊണ്ടാണ് കോളേജിലെത്തിയതെന്നും അശുതോഷ് പറഞ്ഞു. പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് മടങ്ങാനിറങ്ങിയപ്പോൾ കാത്തുനിന്നാണ് ആക്രമണം നടത്തിയത്. അശുതോഷിനെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

അതേസമയം പ്രിൻസിപ്പളിന്‍റെ മരണത്തിന് പിന്നാലെ പൊലീസിനെതിരെ വിമർശനവുമായി ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്. അശുതോഷ് മുന്‍പും പലതവണ കോളേജിൽ പ്രശ്നങ്ങളുണ്ടാക്കിയിട്ടുള്ള വിദ്യാർഥിയാണെന്നും, പലതവണ പരാതി നൽകിയിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് വിമുക്ത ശര്‍മയുടെ ജീവൻ നഷ്ടമാക്കിയതെന്നുമുള്ള ആരോപണവുമായി കുടുംബാംഗങ്ങളും കോളജ് ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. അശുതോഷ് നേരത്തെ കോളജിലെ ഒരു അധ്യാപകനെ കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടികാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here