ഉപ്പള: www.mediavisionnews.in പൈവളിഗെ പൊലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനു ഉപ്പള– ബായാർ റോഡിൽ ബായിക്കട്ട ബസ് സ്റ്റോപ്പിൽ നിന്ന് 50 മീറ്റർ അകലെയുള്ള 30 സെന്റ് സ്ഥലം റവന്യു വകുപ്പ് ആഭ്യന്തര വകുപ്പിനു കൈമാറി.
ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തും. ഭൂമി ലഭിച്ച് ഒരു വർഷത്തിനകം ഇത് ഉപയോഗിക്കണമെന്നു വ്യവസ്ഥയുണ്ട്. മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ല. ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ ഈടു വയ്ക്കാനും പാടില്ല. നിബന്ധനകൾ ലംഘിച്ചാൽ സ്ഥലം റവന്യു വകുപ്പ് തിരിച്ചു പിടിക്കും. ഇതിനു മഞ്ചേശ്വരം തഹസിൽദാരെ ചുമതലപ്പെടുത്തി.
വാടക കെട്ടിടത്തിൽ തുടങ്ങാൻ ആലോചന
അനുവദിച്ച സ്ഥലത്തു കെട്ടിടം പണിത് സ്റ്റേഷൻ പണി തുടങ്ങാൻ കാലതാമസം നേരിടും എന്നതിനാൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിൽ സ്റ്റേഷൻ തുടങ്ങാനാണ് ആലോചന. അനുയോജ്യമായ കെട്ടിടം ലഭ്യമാക്കി മറ്റ് സ്റ്റേഷനുകളിലെ സിവിൽ പൊലീസ് ഓഫിസർമാരെ അവിടേക്കു നിയമിച്ചാണ് ആദ്യഘട്ട പ്രവർത്തനം ആരംഭിക്കുക.
വരുന്നതു പുതിയ പൊലീസ് സ്റ്റേഷൻ
കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകൾ വിഭജിച്ചാണ് പൈവളിഗെ സ്റ്റേഷൻ ആരംഭിക്കുന്നത്.സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുത്തേണ്ട വില്ലേജുകളെക്കുറിച്ച് അന്തിമ തീരുമാനം ആഭ്യന്തര വകുപ്പാണ് എടുക്കുന്നത്.