ഷിഹാബ് ചോറ്റൂരിൻ്റെ ഹജ്ജ് നടത്തം ഇറാനിൽ; ഇനി ഇറാഖിലേക്ക്

0
297

കാൽനടയായി മക്കയിലേക്ക് ഹജ്ജ് ചെയ്യാനായി പോകുന്ന വളാഞ്ചേരി സ്വദേശി ഷിഹാബ് ചോറ്റൂർ ഇറാനിൽ. തൻ്റെ യൂട്യൂബ് ചാനലിലൂടെ ഷിഹാബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ ഇറാനിലെത്തിയെന്നും ഇനി ഇറാഖിലേക്കാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനിൽ നിന്ന് ഇറാനിലേക്ക് വിമാനത്തിലാണ് വന്നതെന്നും ഷിഹാബ് വിഡിയോയിൽ പറഞ്ഞു.

ഈ വർഷം ജൂൺ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ തറവാട്ടിൽ നിന്ന് ഷിഹാബ് ചോറ്റൂർ യാത്ര ആരംഭിച്ചത്. പാകിസ്താനിലേക്ക് പ്രവേശനാനുമതി തേടി സമർപ്പിച്ച അപേക്ഷ ലാഹോർ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ഈ മാസം ആദ്യ ആഴ്ച വരെ അദ്ദേഹം പഞ്ചാബിലെ അമൃത്സറിലുള്ള ഖാസയിലെ ആഫിയ കിഡ്‌സ് സ്‌കൂളിലായിരുന്നു താമസം. ഫെബ്രുവരി അഞ്ചിന് ഷിഹാബിന് പാകിസ്താനിലേക്ക് പ്രവേശനം ലഭിച്ചു.

മലപ്പുറം വളാഞ്ചേരിക്കടുത്ത കഞ്ഞിപുരയിൽ സൂപ്പർമാർക്കറ്റ് നടത്തുന്നയാളാണ് ചേലമ്പാടൻ ഷിഹാബ് ചോറ്റൂർ എന്ന 29 വയസുകാരൻ. ആതവനാട് ചോറ്റൂർ ചേലമ്പാടൻ സൈതലവി – സൈനബ ദമ്പതികളുടെ മകൻ. പ്രവാസിയായിരുന്ന ഷിഹാബ് ആറ് വർഷമായി നാട്ടിലാണ്. ഭാര്യ ശബ്‌നയും മകൾ മുഹ്മിന സൈനബും നാട്ടിലുണ്ട്.

മാസങ്ങൾക്ക് മുൻപുതന്നെ ഇദ്ദേഹം യാത്രക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ വിസ ലഭിക്കാൻ ഒന്നര മാസത്തോളം ഡൽഹിയിൽ താമസിക്കേണ്ടിവന്നു. യാത്രാ ഇൻഷുറൻസും എടുത്തു. ജൂൺ രണ്ടിനാണ് യാത്ര ആരംഭിച്ചത്. വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ ചേലമ്പാടൻ തറവാട്ടിൽ നിന്ന് ആരംഭിച്ച യാത്രയിൽ അല്പ ദൂരം ബന്ധുക്കളും സുഹൃത്തുക്കളും ശിഹാബിനെ അനുഗമിച്ചു. 8,640 കിലോമീറ്റർ നടന്ന് മക്കയിലെത്തി 2023ലെ ഹജ്ജ് നിർവഹിക്കുകയായിരുന്നു ലക്ഷ്യം.

സൗദിയിൽ ജോലി ചെയ്തിരുന്നപ്പോൾ ഷിഹാബ് പലതവണ മക്ക സന്ദർശിച്ചിട്ടുണ്ട്. എന്നാൽ, നാട്ടിൽ നിന്ന് നടന്ന് അവിടെയെത്തുക എന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമാകുമെന്ന് കണക്കുകൂട്ടിയാണ് അദ്ദേഹം ഇതിനായി ഇറങ്ങിപ്പുറപ്പെട്ടത്. യാത്രയുടെ വിവരങ്ങൾ കൃത്യമായി പുറം ലോകത്തെ അറിയിക്കാൻ ഷിഹാബ് ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. യാത്രയിലുടനീളം ഷിഹാബിനെ നൂറുകണക്കിന് ആളുകൾ അനുഗമിക്കുന്നു. പലർക്കും പറയാനുള്ളത് പല ആവശ്യങ്ങൾ. അവിടെയെത്തുമ്പോ ദുആയിൽ ഉൾപ്പെടുത്തണേ എന്ന അഭ്യർത്ഥന. ചിലർക്ക് ഹസ്തദാനം നൽകി ഒരു സലാം പറഞ്ഞാൽ മതി.

LEAVE A REPLY

Please enter your comment!
Please enter your name here