കേരളത്തിന് നടുക്കം; ലഹരി വലയില്‍ കുടുങ്ങിയത് എട്ടിലും ഒമ്പതിലും പഠിക്കുന്ന പെണ്‍കുട്ടികള്‍, പൊലീസിന്‍റെ വീഴ്ച

0
247

കോഴിക്കോട്: മൂന്നു മാസത്തിനിടെ കോഴിക്കോട്ടെ രണ്ട് സ്കൂള്‍ കുട്ടികള്‍ ലഹരിക്കടത്ത് സംഘത്തിന്‍റെ വലയിൽപ്പെട്ടെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതിന്‍റെ ഞെട്ടലില്‍ കേരളം. അഴിയൂരില്‍ എട്ടാം ക്ലാസുകാരിയാണ് കെണിയില്‍ പെട്ടതെങ്കില്‍ കുറ്റിക്കാട്ടൂരില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് അനുഭവം തുറന്ന് പറ‍ഞ്ഞത്. സ്കൂള്‍ അധികൃതരുടെയും പൊലീസിന്‍റെയും വീഴ്ച രണ്ടിടത്തും ലഹരിസംഘത്തിന് നേട്ടമാവുകയും ചെയ്തു.

ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് വടകര അഴിയൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരി കേരളത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ ഞായറാഴ്ച കുറ്റിക്കാട്ടൂര്‍ സ്വദേശിയായ ഒമ്പതാം ക്ലാസുകാരിയും സമാനമായ തുറന്നുപറച്ചില്‍ നടത്തി. കേരളം നടുക്കത്തോടെ രണ്ട് അനുഭവ സാക്ഷ്യങ്ങളും കേട്ടത്. ലഹരിക്കെതിരേ കേരളം നടത്തിയെന്നാവകാശപ്പെടുന്ന സകല മുന്നേറ്റങ്ങളെയും ചോദ്യം ചെയ്യുന്നതാണ് ഈ രണ്ട് സംഭവങ്ങളും.

ഈ ചെറുപ്രായത്തില്‍ ലഹരിസംഘങ്ങളുടെ കെണിയിലെങ്ങനെ പെട്ടു, എംഡിഎംഎ എന്ന രാസ ലഹരിക്കെങ്ങനെ അടിമകളായി, ഒടുവില്‍ ഇതേ ലഹരിയുടെ കാരിയര്‍മാറായി എങ്ങനെ മാറി തുടങ്ങിയ കാര്യങ്ങളാണ് ഇരുവരും വെളിപ്പെടുത്തിയത്. സമാനത ഇവിടെ തീരുന്നില്ല. സംഭവം അറിഞ്ഞ ശേഷം സ്കൂള്‍ അധികൃതരും പൊലീസും നടത്തിയ പ്രതികരണത്തിലുമുണ്ട് സാമ്യത. അഴിയൂരിലെ പെണ്‍കുട്ടി കള്ളം പറയുന്നു എന്ന് സ്ഥാപിക്കാനായിരുന്നു പൊലീസിന്‍റെ ആദ്യ മുതലേ ഉളള ശ്രമം.

ഡിസംബര്‍ രണ്ടിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കാനോ ലഹരിസംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനോ പൊലീസ് തയ്യാറായില്ല. നിയമസഭയിലടക്കം വിഷയം ചര്‍ച്ചയായതോടെയാണ് പേരിനെങ്കിലും ഒരന്വേഷണത്തിന് പൊലീസ് തയ്യാറായത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കൂടുതല്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍. കുറ്റിക്കാട്ടൂരിലെ പെണ്‍കുട്ടി ലഹരി സംഘത്തിന്‍റെ വലയില്‍ പെട്ട കാര്യം രണ്ട് മാസം മുമ്പ് തന്നെ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു.

എന്നാല്‍ അതിന് പിന്നാലെ പോകണ്ടെന്നായിരുന്നു ഉപദേശം. ഒടുവില്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയച്ച ശേഷമാണ് പൊലീസ് അന്വേഷണത്തിന് തയ്യാറായത്. ശരീരത്തില്‍ രാസലഹരിയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ യഥാസമയം വൈദ്യ പരിശോധന നടത്തേണ്ടത് ആവശ്യമാണ്. എന്നാല്‍ ഈ രണ്ടിടത്തും പൊലീസിന്‍റെ ഉദാസീനത മൂലം നടപടികള്‍ വൈകി. സംശയിച്ചും ഉപദേശിച്ചും വിലപ്പെട്ട സമയം പൊലീസും സ്കൂള്‍ അധികൃതരും പാഴാക്കിയതിന്‍റെ നേട്ടം കിട്ടിയതാകട്ടെ ഒരു തലമുറയെയാകെ വിനാശത്തിലേക്ക് നയിക്കുന്ന ലഹിര സംഘങ്ങള്‍ക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here