ടിപ്പു സുൽത്താന്‍റെ പേരിലെ വിവാദങ്ങൾ കൊഴുക്കുന്നു; നിയമനടപടികൾ സ്വീകരിക്കുമെന്ന് ടിപ്പുവിന്‍റെ ഏഴാം തലമുറ

0
203

ബെം​ഗളൂരു: കർണാടകത്തിൽ ടിപ്പു സുൽത്താന്‍റെ പേരിൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ പ്രതികരണവുമായി ടിപ്പുവിന്‍റെ അനന്തരാവകാശികൾ രംഗത്ത്. രാഷ്ട്രീയ നേട്ടങ്ങൾക്കോ വിവാദങ്ങൾക്കോ ടിപ്പു സുൽത്താന്‍റെ പേര് ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ടിപ്പുവിന്‍റെ ഏഴാം തലമുറയിൽ പെട്ട സാഹേബ് സാദാ മൻസൂർ അലി പറഞ്ഞു.

കർണാടകത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് ടിപ്പു സുൽത്താന്‍റെ പേര് എന്നും വിവാദ വിഷയമാണ്. ഏറ്റവുമൊടുവിൽ ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പുവിന്‍റെയും സവർക്കറുടെയും ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാകുമെന്ന് പറഞ്ഞത് ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കട്ടീലാണ്. ഒരു പടി കൂടി കടന്ന് ടിപ്പുവിന്‍റെ ആരാധകരെ അടിച്ചോടിക്കണമെന്നും കട്ടീൽ പറഞ്ഞു. ഇത്തരം പ്രസ്താവനകളിൽ മനംമടുത്തെന്നാണ് ടിപ്പു സുൽത്താന്‍റെ കുടുംബം പറയുന്നത്.‌

”ടിപ്പുവിനെ പാഠപുസ്തകത്തിൽ നിന്ന് നീക്കി, ടിപ്പു ജയന്തി വേണ്ടെന്ന് വച്ചു, ടിപ്പു എക്സ്പ്രസിന്‍റെ പേര് മാറ്റി, പ്രതിരോധത്തിലാകുമ്പോഴാണ് സർക്കാർ ടിപ്പു സുൽത്താന്‍റെ പേര് ഉയർത്തിക്കൊണ്ടുവരിക. ഇത് ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട്.”- ടിപ്പുവിന്‍റെ കുടുംബം പറയുന്നു. ടിപ്പുവിന്‍റെ പേരിൽ അനാവശ്യവിവാദങ്ങളുണ്ടാക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കുടുംബം ഒന്നാകെ തീരുമാനിച്ചിരിക്കുകയാണ്.

ഇനിയും ടിപ്പു സുൽത്താന്‍റെ പേര് പറഞ്ഞ് വിവാദമുണ്ടാക്കാൻ നോക്കിയാൽ കോടതി കയറേണ്ടി വരുമെന്നാണ് ടിപ്പു കുടുംബത്തിന്‍റെ മുന്നറിയിപ്പ്. ടിപ്പു ജയന്തി ആഘോഷിച്ചില്ലെങ്കിലും സാരമില്ല, ടിപ്പുവിന്‍റെ മരണം ബ്രിട്ടീഷുകാരുടെ കൈ കൊണ്ടായിരുന്നില്ല എന്നത് പോലുള്ള ചരിത്ര നിഷേധങ്ങളും വ്യാജപ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നും ടിപ്പുവിന്‍റെ കുടുംബം ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here