കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇടിക്കാൻ ശ്രമിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്

0
193

കണ്ണൂര്‍: കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ചെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പൊലീസില്‍ പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം റിജിൻ രാജ് ആണ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്. മനുഷ്യാവകാശ കമ്മീഷനും കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരക്കണ്ടിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് വാഹന വ്യൂഹം പ്രതിഷേധക്കാരെ ഇടിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.

നികുതി വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്നത്. മുഖ്യമന്ത്രി എത്തുന്ന എല്ലാ ജില്ലകളിലും യൂത്ത് കോൺഗ്രസ് – കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ ഇന്നും കെഎസ്‍യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായി. കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. അഞ്ചരക്കണ്ടിയിൽ വച്ചാണ് കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ്  മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും അതാത് ജില്ലകളിലും വിന്യസിച്ചിരിക്കുന്നത്. എന്നാല്‍, പ്രതിഷേധം തുടരാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

അതിനിടെ, കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. പാലാരിവട്ടത്ത് നേരത്തെ മുഖ്യമന്ത്രിയെ കരിങ്കൊടിച്ച് കാണിച്ചതിന് അറസ്റ്റിലായവർ നൽകിയ ഹർജിയാണ് കോടതി തളളിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here