പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസ്; പ്രതികളുടെ പൊലീസ് ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്

0
181

ദില്ലി: പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസിൽ പ്രതികളുടെ പൊലീസ് ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിയാന പൊലീസ് നിരവധി പേര്‍ക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ 8 പേരെ കൂടി പ്രതിചേർത്തു.

ഭിവാനിയിൽ രാജസ്ഥാൻ സ്വദേശികളായ രണ്ട് മുസ്ലീം യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിൽ ഹരിയാന പൊലീസും കേസിലെ പ്രതികളും തമ്മിൽ ഒത്തുകളിയെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. മർദനമേറ്റ് അവശരായ യുവാക്കളെ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും തിരിച്ചയച്ചെന്ന് അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. കേസിലെ പ്രതികളായവർ നൽകിയ വിവരം അടിസ്ഥാനമാക്കി പശുക്കടത്തുമായി ബന്ധപ്പെട്ട് പല കേസുകളും ഹരിയാന പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രതികള പിടികൂടാനും പരിശോധനയ്ക്കും പ്രതികളുൾപ്പെടുന്ന സംഘം പൊലീസിനൊപ്പം പോയിരുന്നു. അറസ്റ്റിലായ റിങ്കു സൈനി, ഒളിവിൽ കഴിയുന്ന ലോകേഷ് സിംഗ്ല, ശ്രീകാന്ത് എന്നിവര്‍ ഹരിയാന പൊലീസിന് വിവരം നല്‍കുന്നവരായിരുന്നു. പശുക്കടത്ത് തടയാനുള്ള ഹരിയാന പൊലീസിന്റെ ടാസ്ക് ഫോഴ്സിൽ ബജ് രംഗ്ദള്‍ നേതാവ് മോനു മനേസറടക്കമുള്ള പ്രതികൾ മുമ്പേ അംഗങ്ങളാണ്.

അതേസമയം യുവാക്കളെ ചുട്ടുകൊന്ന കേസില്‍ 8 പേരെ കൂടി പ്രതിചേർത്തതായി രാജസ്ഥാൻ പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ പ്രതികളായവരുടെ എണ്ണം പതിനാലായി. അറസ്റ്റിലായ റിങ്കുവിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ പേരുടെ കൊലപാതകത്തിലെ പങ്കിനെകുറിച്ച് വിവരം ലഭിച്ചത്. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയുടെ വീട്ടിലെത്തി നടത്തിയ അതിക്രമത്തിനിടെ ഗർഭസ്ഥ ശിശു മരിച്ചെന്ന പരാതിയിൽ ഹരിയാന പൊലീസ് അന്വേഷണം തുടങ്ങി. വനിതാ അഡീഷണൽ എസ്പിയാണ് കേസിൽ അന്വേഷണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here