കര്‍ണാടകയില്‍ വനിത ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ചേരിപ്പോര് മുറുകുന്നു. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയും സോഷ്യല്‍ മീഡിയ പോര് ഇന്നലെയും തുടര്‍ന്നു.
പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാട്‌സാപില്‍ പങ്കുവച്ച സ്വന്തം ചിത്രങ്ങള്‍ രോഹിണി ഡിലീറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് രൂപ വീണ്ടും പങ്കുവച്ചു. രൂപയുമായി തൊഴില്‍പരമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ മാന്യത കാട്ടേണ്ടതുണ്ടെന്നും രോഹിണി തിരിച്ചടിച്ചു.
പോര് തീര്‍ക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയ്ക്കും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കി.
കര്‍ണാടകയില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന രണ്ട് ഉദ്യോഗസ്ഥരാണ് സോഷ്യല്‍ മീഡിയയില്‍ പരസ്പരം ചേരിപ്പോര് നടത്തുന്നത്. മുന്‍പ് വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലില്‍ വിഐപി ട്രീറ്റ്മെന്റ് ലഭിക്കുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് ഡി രൂപ ഐപിഎസ്.