കാസർകോട്: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹമോചനം മുസ്ലിം നടത്തിയാൽ ജയിലിൽ അടക്കണമെന്ന നയം തെറ്റാണെന്നും പിണറായി വ്യക്തമാക്കി. സി.പി.എം ജനകീയ പ്രതിരോധ ജാഥക്ക് കാസർകോട്ട് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഒരു നിയമ സംവിധാനമാണ് വേണ്ടത്. എന്നാൽ, ഒരു മതവിശ്വാസിക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണ് കേന്ദ്രം നടപ്പാക്കുന്നത്. വിവാഹമോചനം എല്ലാ വിഭാഗത്തിലും നടക്കുന്നുണ്ട്. അതെല്ലാം സിവിൽ കേസ് ആയാണ് കൈകാര്യം ചെയ്യുന്നത്. ഇത് മുസ് ലിമിന് മാത്രം ക്രിമിനൽ കുറ്റമാകുന്നു. വിവാഹ മോചനത്തിന്‍റെ പേരിൽ മുസ് ലിമായാൽ ജയിലിൽ അടക്കണമെന്നതാണ് ഒരു ഭാഗമെന്നും പിണറായി വിജയൻ വ്യക്തമാക്കി.