ബംഗ്ലൂരു : ബിജെപിയെ വീണ്ടും പ്രതിരോധത്തിലാക്കി മുൻ എംഎൽഎ അടക്കം രണ്ട് വൊക്കലിഗ, ലിംഗായത്ത് നേതാക്കൾ കോൺഗ്രസിൽ ചേർന്നു. തുമകുരു മേഖലയിലെ മുൻ ജെഡിഎസ് എംഎൽഎയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് അംഗത്വം സ്വീകരിച്ചു. ലിംഗായത്ത് നേതാവായ കിരൺ കുമാർ, വൊക്കലിഗ നേതാവും ചലച്ചിത്ര നിർമാതാവുമായ സന്ദേഷ് നാഗരാജ്, ജെഡിഎസ് മുൻ എംഎൽഎ എച്ച് നിംഗപ്പ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ബിജെപിയുടെ അഴിമതിയിൽ മനംമടുത്താണ് ഇവർ പാർട്ടി വിട്ടതെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
സദർ ലിംഗായത്ത് എന്ന, ലിംഗായത്ത് വിഭാഗത്തിന്‍റെ ഉപവിഭാഗത്തിലെ പ്രധാനപ്പെട്ട നേതാക്കളിലൊരാളാണ് കിരൺ കുമാർ. 2018-ൽ യെദിയൂരപ്പയുടെ നിർദേശപ്രകാരമാണ് കിരൺകുമാർ ഇപ്പോഴത്തെ മന്ത്രി മധുസ്വാമിക്ക് വേണ്ടി ചിക്കനായകനഹള്ളി മണ്ഡലം ഒഴിഞ്ഞുകൊടുത്തത്. ഇത്തവണയും സീറ്റ് നൽകാതെ പാർട്ടി തഴയുമെന്നുറപ്പായതോടെയാണ് കിരൺകുമാർ പാർട്ടി വിട്ടത്. 2019-ൽ ലഭിച്ച ബയോ എനർജി ബോർഡ് അധ്യക്ഷസ്ഥാനത്ത് നിന്നും ബിജെപി അംഗത്വത്തിൽ നിന്നും ഇന്നലെ കിരൺകുമാർ രാജി വച്ചിരുന്നു.
2021-ലാണ് ചലച്ചിത്രനിർമാതാവായ സന്ദേഷ് നാഗരാജ് ജെഡിഎസ് വിട്ട് ബിജെപിയിലെത്തിയത്. സീറ്റോ സ്ഥാനമാനങ്ങളോ കിട്ടില്ലെന്ന് മനസ്സിലായതോടെ ഒരു വർഷത്തിനകം സന്ദേഷ് കോൺഗ്രസിലേക്ക് കൂറുമാറി. തുമകുരു റൂറൽ എംഎൽഎ ആയിരുന്ന എച്ച് നിംഗപ്പ ജെഡിഎസ് വിടാനുള്ള കാരണവും സീറ്റ് കിട്ടാത്തതിലെ അതൃപ്തിയാണ്. വർഗീയധ്രുവീകരണത്തിലും അഴിമതിയിലും മനം മടുത്താണ് മൂവരും സ്വന്തം പാർട്ടി വിട്ടതെന്ന് പറഞ്ഞ സിദ്ധരാമയ്യ, ബിജെപിക്കെതിരെ രൂക്ഷവിമർശനമുയർത്തി.