ബെംഗളുരു: ഒരു മണ്ഡലത്തിലേക്ക് മാത്രം 13 ബി ജെ പി നേതാക്കൾ കോൺഗ്രസ് സീറ്റിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും കൂടുതൽ ബി ജെ പി നേതാക്കൾ പാർട്ടിയിലെത്തുമെന്നും ഡി കെ ശിവകുമാർ പറഞ്ഞത് ഇന്ന് രാവിലെയാണ്. ബി ജെ പി ദേശീയ സെക്രട്ടറി സി ടി രവിയുടെ അടുത്ത അനുയായി എച്ച് ഡി തിമ്മയ്യക്ക് പാർട്ടി അംഗത്വം നൽകികൊണ്ടാണ് കർണാടക കോൺഗ്രസ് അധ്യക്ഷ്യൻ ഇപ്രകാരം പറഞ്ഞത്. സ്ഥിരം ഡയലോഗ് എന്ന മട്ടിലായിരുന്നു പലരും ഡി കെയുടെ വെളിപ്പെടുത്തലിനെ വിലയിരുത്തിയത്. എന്നാൽ ഡി കെ ശിവകുമാർ പറഞ്ഞത് വെറും വാക്കല്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ന് രാവിലെ കോൺഗ്രസിലേക്ക് കൂടുമാറിയ എച്ച് ഡി തിമ്മയ്യക്ക് ശേഷം മറ്റൊരു ബി ജെ പി നേതാവ് കൂടി കോൺഗ്രസ് അംഗത്വം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചു.
സന്ദേഷ് നാഗരാജ് എന്ന ബി ജെ പി നേതാവാണ് രാത്രിയോടെ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് കൂടുമാറുകയാണെന്ന് പ്രഖ്യാപിച്ചത്. 2021 ൽ ജെ ഡി എസ് വിട്ട് ബി ജെ പിയിലെത്തിയ സന്ദേഷ് നാഗരാജ് നാളെ കോൺഗ്രസിൽ ചേരുമെന്നാണ് അറിയിച്ചത്. വൊക്കലിഗ നേതാവായ സന്ദേഷ് നാഗരാജ് ചലച്ചിത്ര നിർമാതാവ് കൂടിയാണ്. പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലാകും സന്ദേഷ് നാളെ കോൺഗ്രസ് അംഗത്വം സ്വീകരിക്കുക.
അതേസമയം ഇത്തവണത്തെ തെരഞ്ഞെടുപ്പിലും സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചിക്കമഗളുരുവിലെ ലിംഗായത്ത് നേതാവായ തിമ്മയ്യ അതൃപ്തി പരസ്യമാക്കി പാർട്ടി വിട്ടത്. ബി ജെപി ചിക്കമഗളൂരു സിറ്റി യൂണിറ്റ് അംഗവും ലിംഗായത്ത് നേതാവുമായ എച്ച് ഡി തിമ്മയ്യ 18 വർഷം പാർട്ടിയിൽ പ്രവർത്തിച്ചിട്ടും ഒരു അംഗീകാരവും കിട്ടാത്തതിലെ അതൃപ്തി മൂലമാണ് പാർട്ടി വിട്ടത്. ഇതിന് പിന്നാലെയാണ് കൂടുതൽ ബി ജെ പി നേതാക്കൾ കോൺഗ്രസിലെത്തുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞത്. ചിക്കമഗളൂരുവിൽ നിന്ന് മാത്രം മാത്രം 13 ബി ജെ പി നേതാക്കൾ കോൺഗ്രസ് സീറ്റിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും ഡി കെ ശിവകുമാർ വെളിപ്പെടുത്തിയിരുന്നു. രണ്ടാം നിരയിലുള്ള പല നേതാക്കളെയും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബി ജെ പി വലിയ നേതാക്കളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കോൺഗ്രസ് ബൂത്ത് തലം വരെയുള്ള നേതാക്കളെ മത്സരിക്കാനായി പരിഗണിക്കുമെന്നും കർണാടക പി സി സി അധ്യക്ഷൻ വ്യക്തമാക്കുകയും ചെയ്തു.