ജയ്പൂർ: രാജസ്ഥാൻ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടുപോയി കാറിനുള്ളിൽ ചുട്ടുക്കൊന്ന കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി. കൊല്ലപ്പെട്ട രണ്ടുപേരെയും ജീവനോടെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു എന്ന്പിടിയിലായ പ്രതി റിങ്കു സൈനി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
കാലിക്കടത്തിന് ഇരുവരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്നും റിങ്കു നൽകിയ മൊഴിയിലുണ്ട്. ടാക്‌സി ഡ്രൈവറാണ് റിങ്കു. പശുക്കടത്ത് ആരോപിച്ച് കൊല്ലപ്പെട്ട നസീർ(25),ജുനൈദ്(35) എന്നിവരെ ആക്രമിച്ചെന്നും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഫിറോസ് പുർ ജിക്കയിലുള്ള പൊലീസ് സ്റ്റേഷനിൽ എത്തിച്ചെന്നുമാണ് റിങ്കു നൽകിയ മറുപടി. ഇരുവർക്കും ഗുരുതരമായി തന്നെ പരിക്കേറ്റിരുന്നു. പാതി ജീവനുള്ള ഇവരെ കാലിക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്താൽ അത് പൊലീസിന്റെ തലയിലാകും എന്ന് അവർ ഭയന്നു. കൊല്ലപ്പെട്ടവരെയും കൂട്ടി പോകാൻ പൊലീസ് പറഞ്ഞതായും പ്രതി അന്വേഷണസംഘത്തോട് പറഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്.
പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയതിന് പിന്നാലെ നസീറും ജുനൈദും മരിച്ചു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ വാഹനത്തിൽ കയറ്റി 200 കിലോമീറ്റർ അകലെയുള്ള ഭിവാനിയിലെത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മൃതദേഹങ്ങളും വാഹനവും പെട്രോളൊഴിച്ച് കത്തിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ദൂരെയുള്ള സ്ഥലത്ത് മൃതദേഹങ്ങളും വാഹനങ്ങളും കത്തിച്ചാൽ അന്വേഷണം തങ്ങുടെ നേരെ തിരിയില്ലെന്ന് കരുതിയതായി പൊലീസ് പറഞ്ഞു. എന്നാൽ ബൊലേറോയുടെ ഷാസി നമ്പറിൽ നിന്നാണ് ജുനൈദിനെയും നസീറിനെയും തിരിച്ചറിഞ്ഞത്. ഈ സംഭവത്തിൽ ഹരിയാന പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
റിങ്കു സൈനിയെ ഇന്നും പൊലീസ് ചോദ്യം ചെയ്യും. ഇന്നലെ ഭരത്പൂർ ജില്ലാ കോടതിയിൽ ഹാജരാക്കിയ ഇയാളെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. സംഭവത്തിൽ മറ്റ് പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
മരിച്ച ജുനൈദിന്റെയും നാസറിന്റെയും ആശ്രിതർക്ക് 20 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം ബന്ധുക്കൾ ഇന്നലെ ഏറ്റുവാങ്ങി സംസ്‌കരിച്ചു. പൊലീസിന് നൽകിയ പരാതിയിൽ അഞ്ച് പേരുകളാണ് യുവാക്കളുടെ കുടുംബം സൂചിപ്പിച്ചിട്ടുള്ളത്. അനിൽ, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിൻഹ, മോനു മനേസർ എന്ന മോഹിത് ജാദവ് എന്നിവരുടെ പേരുകളാണ് കുടുംബം പൊലീസിന് നൽകിയിട്ടുള്ളത്.