കൊച്ചി: മുസ്ലീം ലീഗ് എറണാകുളം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അംഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചത്. കൗണ്‍സില്‍ അംഗങ്ങളല്ലാത്തവര്‍ കൗണ്‍സിലില്‍ പങ്കെടുത്തത് തര്‍ക്കത്തിന് കാരണമാവുകയായിരുന്നു.
എറണാകുളം പിഡബ്ലുഡി റസ്റ്റ് ഹൗസില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നാണ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നത്. സംസ്ഥാന ഭാരവാഹികളായ അഹമ്മദ് കുട്ടി ഉണ്ണിക്കുളവും സിഎച്ച് റഷീദുമാണ് ഭാരവാഹി തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന കമ്മിറ്റിയുടെ നിരീക്ഷകരായി എത്തിയത്. വൈകുന്നേരം മൂന്ന് മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്ന കൗണ്‍സില്‍ അഞ്ച് മണിയോടെയാണ് തുടങ്ങിയത്.
കൗണ്‍സില്‍ തുടങ്ങിയതിന് പിന്നാലെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തിലെത്തി. തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചതോടെ കൗണ്‍സില്‍ അംഗങ്ങളായ എട്ട് പേരെ പൊലീസിലേല്‍പ്പിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് ഭാരവാഹി തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെച്ച് കൗണ്‍സില്‍ യോഗം പിരിഞ്ഞു.