റിയാദ്(www.mediavisionnews.in): സൗദിയില്‍ സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തില്‍ കര്‍ശന പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കിയതോടെ സൗദിയില്‍ ജോലിയെടുക്കുന്ന മലയാളികളും അവരുടെ കുടുംബങ്ങളും അതീവ ശ്രദ്ധയോടെയാണ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് വിധിച്ച അഞ്ചു വര്‍ഷം തടവും ആറു കോടി രൂപ പിഴയും ആണ് ഇപ്പോള്‍ ഏവരെയും സമൂഹമാധ്യമങ്ങളില്‍ നിന്ന് അകറ്റുന്നത്.
ആക്ഷേപഹാസ്യത്തിന് ഉപയോഗിക്കുന്ന ട്രോളുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതിനു പുറമേ പൊതു ഉത്തരവുകളെയും മതമൂല്യങ്ങളെയും പരിഹസിക്കുന്ന രീതിയില്‍ അഭിപ്രായം പ്രകടിപ്പിക്കുക, മതമൂല്യങ്ങളെ അപമാനിക്കുക, തെറ്റിദ്ധാരണയുണ്ടാക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുക, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, നിരോധിത സൈറ്റുകള്‍ സന്ദര്‍ശിക്കുക തുടങ്ങി കര്‍ശന നിയമങ്ങളാണ് സൗദി ഭരണകൂടം സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നടപ്പാക്കിയത്. ട്രോളുകള്‍ ഫോര്‍വേഡ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.
സൈബര്‍ നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം വരെ തടവും 30 ലക്ഷം റിയാല്‍ (ഏകദേശം 5.76 കോടി രൂപ) പിഴയുമാണ് ശിക്ഷയെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം അറിയിച്ചത്. രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യംകൂടി പരിഗണിച്ചാണു പുതിയ നടപടി. ഇതോടെ പൊതുജനത്തിനു പ്രയാസമുണ്ടാക്കുന്ന എല്ലാതരം സമൂഹമാധ്യമ ഇടപെടലുകളും അധികൃതരുടെ നിരീക്ഷണത്തിലാകും.
സമൂഹമാധ്യമ ഉപയോഗത്തെ സംബന്ധിച്ച പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ സൗദിയില്‍ മലയാളികളുടെ പല വാട്‌സാപ് ഗ്രൂപ്പുകളും അപ്രത്യക്ഷമായിത്തുടങ്ങി. നാട്ടില്‍ നിന്ന് വാട്‌സാപ് ഗ്രൂപ്പുകളിലേക്കു വരുന്ന, സൗദി നിയമപ്രകാരം അനുവദിക്കാത്ത ട്രോളുകളും സന്ദേശങ്ങളും സൗദിയിലുള്ളവര്‍ ഫോര്‍വേഡ് ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതും സൈബര്‍ നിയമത്തിന്റെ പരിധിയില്‍ വരും.