ഒരു പുള്ളിപ്പുലിയും പൂച്ചയും കൂടി ഒരേ കിണറ്റിൽ വീണു. രക്ഷപ്പെടാൻ വേണ്ടി എന്ത് ചെയ്യും? രണ്ടും കൂടി യോജിച്ച് പോകുമോ? ഏതായാലും അങ്ങനെ ഒരു സംഭവമുണ്ടായി. ഒരേ കിണറ്റിൽ വീണ പുള്ളിപ്പുലിയേയും പൂച്ചയേയും ഒടുവിൽ രക്ഷപ്പെടുത്തി. മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജീവികളുടെയും ഒക്കെ കൗതുകമാർന്ന വീഡിയോ കാണാൻ ഇഷ്ടപ്പെടുന്ന സാമൂഹിക മാധ്യമം ഈ വീഡിയോയും ശ്രദ്ധിക്കാതിരുന്നില്ല.
മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം നടന്നത്. ഒടുവിൽ ചൊവ്വാഴ്ച രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുള്ളിപ്പുലിയേയും പൂച്ചയേയും കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി. കിണറ്റിൽ കിടക്കുന്ന പുലിയുടേയും പൂച്ചയുടേയും വീഡിയോ ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത് സുരേന്ദർ മെഹ്റ ഐഎഫ്എസ് ആണ്. വീഡിയോയിൽ കിണറ്റിൽ രണ്ട് മരപ്പലകകൾ കിടക്കുന്നത് കാണാം. അതിൽ കിടന്നുകൊണ്ട് വെള്ളത്തിൽ തന്നെ പൊങ്ങിക്കിടക്കാൻ ശ്രമിക്കുകയാണ് പുള്ളിപ്പുലി. അതേ സമയം വെള്ളത്തിൽ മുങ്ങിപ്പോവാതിരിക്കാനായി പൂച്ചയും ശ്രമിക്കുന്നുണ്ട്. അതിന് വേണ്ടി പുലിയുടെ ദേഹത്ത് കയറാനും പൂച്ച ശ്രമിക്കുന്നുണ്ട്.
In that moment of life and death, your survival is most important than anything else. A leopard fell into a well while chasing a cat..
Video Via: @ranjeetnature #Survival #wildlife #nature @MahaForest @susantananda3 pic.twitter.com/ikZ5HdI4b4— Surender Mehra IFS (@surenmehra) February 15, 2023
കയർ ഉപയോഗിച്ച് കൂട് വെള്ളത്തിൽ താഴ്ത്തി, കൂട്ടിലേക്ക് പുലിയെ കയറ്റുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ചെയ്തത്. അനവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റുകളും നൽകിയത്. അതിൽ ഒരാൾ എഴുതിയത് പൂച്ചയ്ക്ക് ധീരതയ്ക്കുള്ള അവാർഡ് നൽകണം എന്നാണ്. പൂച്ചയുടെ ആക്രമണത്തിൽ നിന്നും പുള്ളിപ്പുലി ഒരു തരത്തിൽ രക്ഷപ്പെട്ടു എന്നാണ് മറ്റൊരാൾ തമാശയായി എഴുതിയത്.
ഈയാഴ്ച ആദ്യം മംഗളൂരുവിൽ കിണറ്റിൽ നിന്ന് ഒരു വയസ്സുള്ള ഒരു പുള്ളിപ്പുലിയെ രക്ഷപ്പെടുത്തുകയും പിന്നീട് അതിനെ കാട്ടിലേക്ക് വിട്ടയക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ ആദ്യം മൃഗത്തെ കൂട്ടിനുള്ളിൽ കയറ്റാൻ ശ്രമിച്ചെങ്കിലും അതിൽ വിജയിച്ചിരുന്നില്ല. ഒടുവിൽ, രക്ഷാസംഘത്തെ നയിച്ച വൈൽഡ് ലൈഫ് സ്‌പെഷ്യലിസ്റ്റ് ഡോ. മേഘന, തോക്കും മറ്റ് സാമഗ്രികളുമായി കൂട്ടിനുള്ളിൽ ഇരുന്ന് കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീടാണ് അതിനെ മുകളിലേക്ക് കയറ്റിയത്.