കാഞ്ഞങ്ങാട് ∙ ആദ്യം തൊണ്ട വേദന, പിന്നാലെ ശക്തമായ ചുമയും പനിയും. കാലാവസ്ഥാ മാറ്റം ജില്ലയിൽ പനി ബാധിതരുടെ എണ്ണം വീണ്ടും കൂട്ടുന്നു. ഈ മാസം മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 6313 ആണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഹോമിയോ, ആയുർവേദ ആശുപത്രികളിലും ചികിത്സ തേടിയവരുടെ എണ്ണം കൂടി.
കൂട്ടിയാൽ പനിബാധിതരുടെ എണ്ണം 10,000 കടക്കും. ഈ വർഷം മാത്രം 20,413 പേരാണ് പനി ബാധിച്ചു ചികിത്സ തേടിയത്. ഇതിൽ 11 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി രോഗ ലക്ഷണത്തോടെ 62 പേരാണ് ചികിത്സ തേടിയത്. ഒരു എലിപ്പനിയും ഈ വർഷം റിപ്പോർട്ട് ചെയ്തു.
8 പേർക്ക് എലിപ്പനി രോഗ ലക്ഷണവും റിപ്പോർട്ട് ചെയ്തു. വയറിളക്ക രോഗവും വ്യാപകമായി പടരുകയാണ്. ഈ മാസം മാത്രം 1412 പേർ വയറിളക്ക രോഗത്തിനു ചികിത്സ തേടി. ഈ വർഷം മാത്രം 4117 പേരാണ് വയറിളക്കം ബാധിച്ചു സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിനെല്ലാം പുറമേ ചെങ്കണ്ണ് രോഗവും വ്യാപകമായി പടരുന്നുണ്ട്. ചിക്കൻപോക്സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുലർകാല തണുപ്പും മഞ്ഞും ആണ് രോഗം പടരുന്നതിന് കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.
പടരുന്ന തൊണ്ട വേദനയും ചുമയും
ജില്ലയിൽ കൂടുതൽ പേരും ചികിത്സ തേടുന്നത് തൊണ്ട വേദനയും ചുമയും ബാധിച്ചാണ്. ആദ്യം തൊണ്ട വേദനയും പിന്നീട് ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ചുമയുമാണ് ലക്ഷണം. രണ്ടു ദിവസം ശക്തമായ ശാരീരിക വേദനയും പനിയും ഉണ്ടാകും. പിന്നീട് ഇതു കുറയും. എന്നാൽ ചുമ ആഴ്ചകൾ നീണ്ടു നിൽക്കുന്നു. ആശുപത്രികളിൽ പരിശോധന ഇല്ലാത്തതിനാൽ കോവിഡ് ആണോ എന്ന കാര്യം ഉറപ്പിക്കാനും കഴിയില്ല. രോഗം ആർക്കും ഗുരുതരമാകാത്തത് ആശ്വാസമാകുന്നു.
കുട്ടികളിലെ പനി
കുട്ടികളിലും പനി വ്യാപകമായി പടരുന്നുണ്ട്. പതിവിൽ നിന്നു വ്യത്യസ്തമായി കുട്ടികളിൽ പനി നീണ്ടു നിൽക്കുന്നു. 6 ദിവസം വരെ പനി നീണ്ടു നിൽക്കുന്നതായി ശിശുരോഗ വിദഗ്ധർ പറയുന്നു. പനി വിട്ടു പോകാതെ മാറി മാറി വരുന്ന കുട്ടികളുടെ എണ്ണവും കൂടുന്നുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙രോഗം വന്നാൽ വിശ്രമിക്കുക.
∙തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക.
∙ലക്ഷണത്തിന് അനുസരിച്ചുള്ള മരുന്നുകൾ ഡോക്ടറെ കണ്ട് സ്വീകരിക്കുക.
∙കഫക്കെട്ടിൽ നിറവ്യത്യാസം വന്നാൽ ഡോക്ടറുടെ സേവനം തേടുക.
∙വിട്ടുമാറാത്ത പനി ശ്രദ്ധിക്കുക.
∙ശ്വാസംമുട്ട്, ഇതുവരെയില്ലാത്ത തളർച്ച എന്നിവ ഉണ്ടായാലും അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുക.