മംഗളൂരു: കർണാടകയിൽ അധികാരം നഷ്ടപ്പെടാതിരിക്കാൻ വർഗീയ കാർഡ് ഇറക്കി ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേടുമെന്ന സർവേക്ക് പിന്നാലെ ടിപ്പു വിരുദ്ധ വികാരം ആളിക്കത്തിച്ചാണ് ബി.ജെ.പി പ്രചാരണം.
ദക്ഷിണേന്ത്യയിൽ ബി.ജെ.പി അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കർണാടക. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന സർവേ ഫലങ്ങൾ പുറത്തുവന്നതോടെ അങ്കലാപ്പിലാണ് നേതൃത്വം. ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് പ്രാദേശിക തലത്തിൽ പ്രചാരണത്തിന് തുടക്കം കുറിച്ച ബി.ജെ.പി ബൂത്ത് വിജയ് അഭിയാൻ,ജനസ്‌പന്ദന റാലി തുടങ്ങിയ പരിപാടികളിലൂടെ ടിപ്പു വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ്.
ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണമാണ് ബി.ജെ.പി ലക്ഷ്യം. ഓരോ പ്രദേശത്തും അവിടുത്തെ നാട്ടുരാജാക്കൻമാരുടെയും ടിപ്പു സുൽത്താന്‍റെയും പേരുകൾ ചേർത്താണ് പ്രചാരണം. പുത്തൂരിൽ ടിപ്പുവിന്‍റെ ആരാധകരാവണോ അബക്കയുടെ ആരാധകരാവണോ എന്നായിരുന്നു ചോദ്യം. ഹൊന്നാവറിൽ ശിവപ്പ നായിക്ക് വേണോ ടിപ്പു വേണോ എന്നായി ചോദ്യം.
224 അംഗങ്ങളുള്ള കർണാടക നിയമ സഭയിൽ ബി.ജെ.പി 75 സീറ്റിൽ ഒതുങ്ങുമെന്നാണ് സർവെ . അമിത് ഷാ അടക്കമുള്ള മുതിർന്ന നേതാക്കൾ വരും ദിവസങ്ങളിൽ കർണാടകയിൽ തങ്ങി പ്രചാരണം നയിക്കുമെന്നാണ് വിവരം.