ആഗ്ര: അമിതമായി വാറ്റ് കുടിച്ച നാല്‍പ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. ആഗ്രയിലാണ് സംഭവം. രണ്ട് സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് 10 മിനിറ്റ് കൊണ്ട് മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചതാണ് മരണകാരണം. ഒരു ക്വാര്‍ട്ടര്‍ മദ്യമെന്ന് പറയുന്നത് 180 മില്ലി ലിറ്ററാണ്. ജയ് സിംഗ് എന്നയാളാണ് മരണപ്പെട്ടത്. ഭോലാ, കേശവ് എന്നിങ്ങനെ ജയ് സിംഗിന്‍റെ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
മൂന്ന് ക്വാര്‍ട്ടര്‍ വാറ്റ് ഒറ്റയടിക്ക് കുടിച്ചാല്‍ മൊത്തം പണവും കൊടുക്കാമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞതോടെ ജയ് സിംഗ് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഫെബ്രുവരി എട്ടിനാണ് സംഭവം. റിക്ഷാ ഡ്രൈവറായ ജയ് സിംഗിനെ പിന്നീട് ശിൽപ്ഗ്രാമിന് സമീപം റോഡരികിൽ അബോധാവസ്ഥയിൽ മകൻ കണ്ടെത്തുകയായിരുന്നു. ആദ്യം സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സ നൽകാൻ രണ്ട് ആരോഗ്യ കേന്ദ്രങ്ങളും തയ്യാറായില്ലെന്ന് പരാതിയുണ്ട്.
പിന്നീട് എസ്എൻ മെഡിക്കൽ കോളേജിൽ വച്ചാണ് ജയ് മരിച്ചത്. ഭോലാ, കേശവ് എന്നിങ്ങനെ ജയ് സിംഗിന്‍റെ രണ്ട് സുഹൃത്തുക്കള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ആഗ്രയിലെ ദണ്ഡുപുര പ്രദേശത്ത് താമസിക്കുന്ന ജയ്, മൂന്ന് ആൺമക്കളും ഒരു മകളും ഉൾപ്പെടെ നാല് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അച്ഛനാണ്. പത്ത് വര്‍ഷത്തിലധികമായി ജയ്, ഭോലാ, കേശവ് എന്നിവര്‍ സുഹൃത്തുക്കളാണ്. എന്നിട്ടും ജയ്‍യുടെ ആരോഗ്യനില വഷളായ വിവരം അവര്‍ അറിയിച്ചില്ലെന്ന് സഹോദരൻ സുഖ്ബീര്‍ സിംഗ് പറഞ്ഞു.
കഴിഞ്ഞ വർഷം വാങ്ങിയ റിക്ഷയുടെ ഗഡു അടയ്‌ക്കാനായി കൈവശം വച്ചിരുന്ന 60,000 രൂപ എടുത്ത് ശേഷമാണ് ജയ്‍യെ അവര്‍ പറഞ്ഞുവിട്ടത്. ജയ് മരിച്ചതിന് ശേഷം പൊലീസിൽ പരാതി നൽകരുതെന്ന് ഇരുവരും സമ്മർദ്ദം ചെലുത്തുകയും ചെയ്തുവെന്ന് സുഖ്ബീര്‍ സിംഗ് ആരോപിച്ചു. ഒടുവിൽ സംഭവം നടന്ന് നാല് ദിവസത്തിന് ശേഷമാണ് പരാതി നല്‍കിയത്. ജയ്‍യെ അമിതമായി മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച ഒരു അയൽക്കാരൻ സംഭവം വിശദീകരിച്ചതോടെ ഡിസംബർ 12ന് പൊലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.