ബീജിംഗ് : ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ ആ വിവരം അറിയിക്കാതെ കാമുകിക്കൊപ്പം പങ്കുവച്ച യുവാവിന് മുട്ടൻ പണി കൊടുത്ത് ഭാര്യ. ചൈനക്കാരനായ ഷൗവിനാണ് 10 മില്യൺ യുവാൻ (ഏകദേശം 12.13 കോടി രൂപ) വിലമതിക്കുന്ന ലോട്ടറി അടിച്ചത്. ഈ വിവരം ഭാര്യയെ അറിയിക്കാതെ ഷൗ മുൻഭാര്യയ്ക്ക് ഫ്ളാറ്റ് വാങ്ങാനാണ് ആദ്യം ചെലവാക്കിയത്. ഇതിന് പുറമേ സഹോദരിക്കും ഒരു വിഹിതം നൽകി.
രണ്ട് വർഷം മുൻപാണ് ഷൗവിന് ലോട്ടറി അടിച്ചത്. നികുതി കിഴിച്ചതിന് ശേഷം ഇയാൾക്ക് പത്ത് കോടിയോളം ലഭിച്ചു. ഇതിൽ നിന്നും 2.42 കോടി രൂപ ഇയാൾ സഹോദരിക്ക് നൽകി. ഇതിന് പുറമേ 84.93 ലക്ഷം രൂപ പിൻവലിച്ച് മുൻഭാര്യയ്ക്ക് ഫ്ളാറ്റ് വാങ്ങി നൽകുകയായിരുന്നു. ഈ സമയത്തൊന്നും ഷൗ ലോട്ടറി അടിച്ച കാര്യം ഭാര്യയായ ലിൻനോട് പറഞ്ഞിരുന്നില്ല. എന്നാൽ ഭർത്താവിന്റെ പ്രവർത്തികളിൽ സംശയം തോന്നിയ ഭാര്യ ലോട്ടറി അടിച്ച വിവരം മനസിലാക്കി. തൊട്ടുപിന്നാലെ വിവാഹമോചനത്തിന് കേസ് നൽകുകയും ചെയ്തു. ഒളിപ്പിച്ച ലോട്ടറി തുകയുടെ മൂന്നിൽ രണ്ട് ഭാഗം ആവശ്യപ്പെട്ടാണ് കോടതിയിൽ കേസ് നൽകിയത്.
കിഴക്കൻ ചൈനയിലെ സെഗ്ജിയാങ് പ്രവിശ്യയിലെ വെൻഷൗവിലെ കോടതി കേസ് പരിഗണിക്കുകയും ഷൗ സഹോദരിക്കും, കാമുകിക്കും നൽകിയ തുക ദമ്പതികളുടെ പൊതുപണത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തുകയും ചെയ്തു. കുടുംബത്തിലെ പൊതു സ്വത്ത് അപഹരിക്കുന്നതാണ് ഷൗവിന്റെ നടപടിയെന്നും മറച്ചുവച്ച തുകയുടെ 60 ശതമാനം ഭാര്യയ്ക്ക് നൽകണമെന്നും വിധിച്ചു. ചൈനീസ് മാദ്ധ്യമങ്ങളിലടക്കം യുവാവിന്റെ അത്യാഗ്രഹവും, ഭാര്യയുടെ അതിബുദ്ധിയും അടയാളപ്പെടുത്തിയ ഈ സംഭവം വൈറലാണ്.